പീഡാനുഭവ സ്മരണയുണർത്തിയ കുരിശിന്റെ വഴി അനുഗ്രഹ ധന്യം
1539733
Saturday, April 5, 2025 3:43 AM IST
ചങ്ങനാശേരി: ഈശോയുടെ പീഢാനുഭവ-മരണ-ഉത്ഥാനത്തിന്റെ ജ്വലിക്കുന്ന സ്മരണകള്‍ മനസുകളില്‍ നിറച്ച് അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തിയ കുരിശിന്റെ വഴിയില്‍ ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടും കോരിച്ചൊരിഞ്ഞ മഴയും അവഗണിച്ച് ഭക്തിപൂര്‍വം ആയിരങ്ങള്‍ അണിനിരന്നു. ചങ്ങനാശേരി, തുരുത്തി, കുറുമ്പനാടം, തൃക്കൊടിത്താനം ഫൊറോനകളിലെ വിശ്വാസികളാണ് വിവിധ മേഖലകളില്‍നിന്നു കുരിശിന്റെ വഴി പ്രാര്‍ഥനകള്‍ അര്‍പ്പിച്ച് കിലോമീറ്ററുകള്‍ താണ്ടി കാല്‍നടയായി പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിലേക്ക് നടന്നുനീങ്ങിയത്.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ കുരിശിന്റെ വഴിക്ക് നേതൃത്വം നൽകി. രാത്രി ഏഴിന് വിവിധ സ്ഥലങ്ങളില്‍നിന്നുള്ള കുരിശിന്റെ വഴികൾ പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നു. തുടർന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സന്ദേശവും ശ്ലൈഹികാശീര്വാദവും നല്കി.
വികാരി ജനറാള്‍മാരായ മോണ്‍. മാത്യു ചങ്ങങ്കരി, മോണ്‍. സ്കറിയ കന്യാകോണില്‍, മോൺ. സോണി തെക്കേക്കര, ചാന്‍സലര്‍ ഫാ. ജോര്‍ജ് പുതുമനമൂഴിയില്‍, പ്രൊക്യുറേറ്റര്‍ ഫാ. ആന്റണി മാളേയ്ക്കല്‍, അതിരൂപതയിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍മാര്‍, വിവിധ ഇടവകകളിലെ വൈദികര്‍, സന്യാസിനികള്‍, അല്മായര് തുടങ്ങി ആയിരക്കണക്കിനുവരുന്ന വിശ്വാസീസമൂഹം കുരിശിന്റെ വഴിയില്‍ അണിനിരന്നു.