ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകളിൽ പ്രതിഷേധം നടത്തി
1539442
Friday, April 4, 2025 4:13 AM IST
പത്തനംതിട്ട: ഹയർ സെക്കൻഡറി മേഖലയിലെ അധ്യാപകരുടെ ജോലി സുരക്ഷയ്ക്കും സർവീസ് കാര്യങ്ങൾക്കും പ്രതികൂലമായി ബാധിക്കുന്ന സ്കൂൾ ഏകീകരണ നടപടികൾ അവസാനിപ്പിക്കുക. തസ്തികകൾ വെട്ടിച്ചുരുക്കി അധ്യാപകരെ അശാസ്ത്രീയമായി സ്ഥലം മാറ്റിയ നടപടി പിൻവലിക്കുക,
പ്ലസ് വൺ ഏകജാലക പ്രവേശനത്തിലെ മാർജിനൽ വർധന അവസാനിപ്പിച്ച് ഹയർ സെക്കൻഡറി ക്ലാസുകളിൽ അധ്യാപക, വിദ്യാർഥി അനുപാതം 1:40 ആക്കുക, പ്രവേശന പരീക്ഷകളിലെ അശാസ്ത്രീയമായ സമീകരണ നടപടികൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മൂല്യനിര്‍ണയ ക്യാന്പുകള്‍ക്ക് മുന്പില് ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എഫ്എച്ച്എസ്ടിഎ)യുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധം നടത്തി.
പ്രതിഷേധ സംഗമം എഫ്എച്ച്എസ്ടിഎ സംസ്ഥാന കൺവീനർ അനിൽ എം. ജോർജ് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലയിലെ വിവിധ ക്യാമ്പുകളിൽ നടന്ന പ്രതിഷേധ സംഗമത്തിന് എഫ്എച്ച്എസ്ടിഎ ജില്ലാ ചെയർമാൻ ജിജി സാം മാത്യു,
കൺവീനർ പി. ചാന്ദിനി, ട്രഷറാർ സജി അലക്സാണ്ടർ, കെ.എം. സുരേഷ് കുമാർ, പി. രാജേഷ്, മീന ഏബ്രഹാം, ബിന്ദു ബി. ചന്ദ്രൻ, ജയാ മാത്യൂസ്, ഡോ. അനിത ബേബി, ഷിബു എസ്. ബഷീർ, ജോസ് വർഗീസ് എന്നിവര്‍ നേതൃത്വം നല്കി.