കൃഷിയിടങ്ങളിൽ പുതുനാന്പുകൾ; മീനമഴയിൽ പ്രതീക്ഷ
1539436
Friday, April 4, 2025 4:07 AM IST
പത്തനംതിട്ട: കുംഭച്ചൂടിന് ആശ്വാസം പകർന്നു മീനമാസത്തിൽ മഴ ശക്തിപ്രാപിച്ചത് കാർഷിക മേഖലയ്ക്ക് ആശ്വാസമാണ്. കൃഷിയിടങ്ങളിൽ പ്രതീക്ഷയുടെ പുതുനാന്പുകളാണ് മീന മഴ സമ്മാനിച്ചിരിക്കുന്നത്. കനത്ത വേനലിനു പിന്നാലെ മഴ ശക്തമായതോടെ വിവിധയിനം കൃഷികൾ ഇറക്കാൻ കർഷകർ ഉത്സാഹം കാട്ടി. വെല്ലുവിളികൾ ഏറെയുണ്ടായെങ്കിലും കാർഷിക മേഖല ഉപജീവനമാക്കിയിട്ടുള്ളവർ കഴിഞ്ഞ രണ്ടാഴ്ചയായി ഏറെ ആഹ്ലാദത്തിലാണ്.
ഇടയ്ക്കു മഴയ്ക്കൊപ്പം കാറ്റു വീശുന്നതു വിളവെത്താറായ കൃഷിക്കും മറ്റും നാശമുണ്ടാക്കുമെങ്കിലും കപ്പ, കാച്ചിൽ, ചേന്പ്, ചേന, ഇഞ്ചി, മഞ്ഞൾ, കിഴങ്ങ് തുടങ്ങിയ കൃഷികൾ ഇറക്കിയവർ പ്രതീക്ഷയിലാണ്. കിഴങ്ങുവർഗ കൃഷിക്കു ന്യായമായ വില വിപണിയിൽ ലഭ്യമാകുന്നതും കർഷകർക്ക് ആശ്വാസമാണ്. നല്ലയിനം വിത്തിനങ്ങൾ ശേഖരിച്ചു പലരും നേരത്തേതന്നെ കൃഷിയിറക്കി.
പച്ചക്കറി കർഷകർക്കും മഴ ആശ്വാസമായി. ചീര, പയർ, വെണ്ട, വഴുതന തുടങ്ങിയ കൃഷികൾ ഇറക്കിയവർക്ക് തുടർച്ചയായ മഴ പ്രതീക്ഷ പകരുന്നതാണ്. ഇടവളം നൽകാനും പറ്റിയ കാലാവസ്ഥയാണെന്ന് കർഷകർ പറയുന്നു. എന്നാൽ പകൽ വെയിലിന്റെ കാഠിന്യം തുടരുന്നത് പച്ചക്കറി കൃഷിക്ക് ദോഷമാണ്.
വന്യമൃഗശല്യം പ്രധാന വെല്ലുവിളി
കാർഷിക മേഖലയിൽ പ്രതീക്ഷയോടെ നിലനിൽക്കുന്പോഴും വന്യമൃഗശല്യമാണ് കർഷകരുടെ പ്രധാന വെല്ലുവിളി. ജില്ലയൊട്ടാകെ കാട്ടുപന്നി കാർഷിക മേഖലയ്ക്കു സർവനാശം വിതച്ചു വരികയാണ്.
കിഴങ്ങുവർഗ കൃഷിയ്ക്കാണ് ഇവ കൂടുതൽ നാശം ഉണ്ടാക്കുന്നത്. പന്നിയെ പ്രതിരോധിക്കാൻ ഷീറ്റുകൊണ്ടും നെറ്റു കൊണ്ടുമൊക്കെ മറ സൃഷ്ടിച്ചാണ് സാധാരണ കർഷകർ കൃഷി ഇറക്കിയിട്ടുള്ളത്. സോളാർ വേലികളും സംരക്ഷണഭിത്തികളുമൊക്കെ കൃഷിയിടങ്ങൾക്കു ചുറ്റും സ്ഥാപിച്ചവരുമുണ്ട്. കിഴക്കൻ മേഖല മുതൽ പടിഞ്ഞാറുവരെയും ഇവയുടെ ശല്യം ഉണ്ടാകുന്നുണ്ട്.
കിഴക്കൻ മേഖലയിൽ കാട്ടാനയും കർഷകരെ വെല്ലുവിളിക്കുകയാണ്. കാട്ടാനക്കൂട്ടം കൃഷിയിടങ്ങൾ പൂർണമായി നശിപ്പിക്കുന്ന സ്ഥിതിയാണ്. ഇവയുടെ ശല്യം നേരിടാൻ യാതൊരു മാർഗവുമില്ലാത്ത സ്ഥിതിയാണ്. കുരങ്ങ്, മലയണ്ണാൻ, മയിൽ, കേഴ, കാട്ടുകോഴി തുടങ്ങിയവയുടെ ശല്യവും മലയോര കർഷകർ നേരിട്ടുവരികയാണ്.
രാസവളത്തിനു വിലയേറി
മഴ എത്തിയതോടെ കൃഷിക്ക് വളമിടാനെത്തിയപ്പോഴാണ് വില വർധന കർഷകന്റെ നടുവൊടിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ രാസവള സബ്സിഡി വെട്ടിക്കുറച്ചതോടെ വില കുത്തനെ വർധിച്ചു. രാസവളങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസക്കാരിനാണ്.
സർക്കാരിന്റെ ന്യൂട്രിയന്റ് പോളിസി പ്രകാരമാണ് വളത്തിന്റെ വിലയും സബ്സിഡിയും നിശ്ചയിക്കുന്നത്. യൂറിയ മാത്രമാണ് ഇപ്പോൾ സബ്സിഡിയുടെ പരിധിയിലുളളത്. മറ്റു വളങ്ങളെയല്ലാം സബ്സിഡിയിൽനിന്ന് ഒഴിവാക്കി. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും കയറ്റിറക്ക് കൂലി വർധനയും വളങ്ങളുടെ വില വർധനയ്ക്കു കാരണമാകുന്നു.
രാസവളങ്ങളിലെ പ്രധാനിയായ പൊട്ടാഷിന് മൂന്ന് മാസത്തിനിടെ 600 രൂപയാണ് വർധിച്ചത്. 1000 രൂപയായിരുന്ന 50 കിലോഗ്രാം ചാക്കിന് ഇപ്പോൾ 1600 രൂപയാണ് വില. ചില്ലറയായി വാങ്ങുകയാണെങ്കിൽ വില വീണ്ടും വർധിക്കും.
മിക്ക കോംപ്ലക്സ് വളങ്ങൾക്കും പൊട്ടാഷ് ചേരുന്നതിനാൽ ഈ വളങ്ങൾക്കും ആനുപാതികമായ വർധന ഉണ്ടായിട്ടുണ്ട്. നൈട്രജൻ - ഫോസ്ഫറസ് - പൊട്ടാസ്യം വളങ്ങൾക്കും വില കൂടിയിട്ടുണ്ട്. ഡൈ അമോണിയം ഫോസ്ഫേസ്റ്റ്, സിങ്കിൾ സൂപ്പർ ഫോസ്ഫേറ്റ്, അമോണിയം സൾഫേറ്റ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ്, 10:26:26 എൻപികെ കോംപ്ലക്സ്, രാജ്ഫോസ്, ഫാക്റ്റംഫോസ്, 16-16-16 എൻപികെ മിശ്രിതം എന്നിവയ്ക്കെല്ലാം വില വർധിച്ചു.
ഒരു ചാക്കിന് നൂറ് മുതൽ 400 രൂപ വരെ വില വർധനയാണ് മിക്ക വളങ്ങൾക്കും ഉണ്ടായിരിക്കുന്നത്. ഡൈ അമോണിയം ഫോസ്ഫേറ്റിന്റെ വില വർധിച്ചതു നെല്ല് കർഷകരെ പ്രതിസന്ധിയിലാക്കി. 1140 രൂപയായിരുന്ന ഒരു ചാക്കിന് നിലവിൽ 1300 രൂപയാണ് വില.
വേനൽമഴയിൽ ഒരു കോടിയുടെ കൃഷിനാശം
പത്തനംതിട്ട: വേനൽമഴയിൽ ജില്ലയിൽ ഒരു കോടിയിലധികം രൂപയുടെ കൃഷിനാശം. 18.78 ഹെക്ടറിലാണ് കൃഷിനാശമാണ് വേനൽ മഴയോടെ ഉണ്ടായത്. 491 കർഷകരുടെ കൃഷി നശിച്ചു. ഏത്തവാഴ പച്ചക്കറി, തെങ്ങിൻ തൈകൾ, റബർ തൈകൾ, കുരുമുളക്, മരച്ചീനി എന്നിവയാണ് വേനൽമഴയിൽ നശിച്ച കാർഷിക വിളകൾ.
മാർച്ചിലാണ് വേനൽ മഴ ആരംഭിച്ചത്. എത്തവാഴയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം. 1.5 ഹെക്ടർ റബർതൈകൾ നശിച്ചു. മൂന്നു ലക്ഷം രൂപയുടെ നഷ്ടമാണ് റബറിൽ നിന്നുണ്ടായത്. 1.10 ഹെക്ടർ വെട്ടുന്ന റബർ നശിച്ചതോടെ ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് ജില്ലയിലുണ്ടായത്. രണ്ട് ഹെക്ടർ മരച്ചീനി കൃഷിയിൽ 25000 രൂപയുടെ നഷ്ടം രേഖപ്പെടുത്തി. വിഷു വിപണി ലക്ഷ്യമാക്കി കൃഷി ചെയ്ത വിളകളാണ് നശിച്ചതിലേറെയും.
5810 എത്തവാഴകൾ വേനൽ മഴയിൽ ഒടിഞ്ഞുവീണു. 4.43 ഹെക്ടർ എത്തവാഴ നശിച്ചിട്ടുണ്ട്. 168 കർഷകരുടെ കൃഷിയാണ് നശിച്ചത്. 23 ലക്ഷം രൂപയുടെ കൃഷിനാശമാണുണ്ടായിട്ടുള്ളത്. 200 കർഷകർക്ക് 7.35 ഹെക്ടറുകളിലായി 10500 കുലച്ച ഏത്തവാഴകൾ നശിച്ചിട്ടുണ്ട്.
ജില്ലയുടെ വിവിധയിടങ്ങളിലായി മഴയ്ക്കൊപ്പം കാറ്റു വീശിയിരുന്നു. കാറ്റിലാണ് ഏത്തവാഴ, മരച്ചീനി തുടങ്ങിയവയ്ക്കു നഷ്ടമുണ്ടായത്. കുലയ്ക്കാത്ത 5810 എത്തവാഴകളാണ് ഒടിഞ്ഞുവീണത്. 168 കർഷകരുടെ 4.43 ഹെക്ടറിലാണ് ഏത്തവാഴയ്ക്കു നഷ്ടമുണ്ടായത്. 10500 കുലച്ച ഏത്തവാഴകളും നഷ്ടപ്പെട്ടു. 200 കർഷകർക്കായി 63 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
മഴ ശക്തമാകുന്പോൾ ആശങ്കയിൽ അപ്പർകുട്ടനാട്
തിരുവല്ല: വേനൽമഴ ശക്തമാകുന്പോൾ അപ്പർ കുട്ടനാട് പ്രദേശങ്ങൾ ആശങ്കയിലാണ്. കൊയ്ത്ത് പൂർണമാകാത്തതാണ് കാരണം. ഇത്തവണ വലിയ പ്രതിസന്ധികൾ ഇല്ലാതെ കൊയ്ത്ത് ആരംഭിച്ചിരുന്നു. പ്രാഥമികമായ ചില പ്രശ്നങ്ങൾ പരിഹരിച്ച് സംഭരണവും വേഗത്തിലാക്കിയിട്ടുണ്ട്. എന്നാൽ വൈകി വിതച്ച പാടശേഖരങ്ങളിൽ നെല്ലിനു വിളവെത്തിയിട്ടില്ല. ഇവിടങ്ങളിൽ കൊയ്ത്ത് വൈകുകയാണ്.
ഘട്ടംഘട്ടമായാണ് അപ്പർ കുട്ടനാട്ടിൽ കൊയ്ത്ത് നടക്കുന്നത്. വിളവെത്തിയ പാടങ്ങളിലെ കൊയ്ത്ത് പൂർണമാക്കി നെല്ല് മാറ്റേണ്ടതുണ്ട്. കൊയ്ത്ത് വൈകുന്നതോടെ പാടത്തു നെല്ല് നഷ്ടപ്പെടാൻ കാരണമാകും. വേനൽമഴ തുടരുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട ആശങ്ക നെൽ കർഷകർക്കുണ്ട്.