സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ വാദം വസ്തുതാപരമല്ലെന്ന് മേഘയുടെ കുടുംബം
1539428
Friday, April 4, 2025 3:50 AM IST
പത്തനംതിട്ട: തിരുവനന്തപുരം എയർപോർട്ട് എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണവുമായി ബന്ധപ്പെട്ട് ആൺ സുഹൃത്ത് സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ വാദങ്ങൾ വസ്തുതാപരമല്ലെന്ന് കുടുംബം.
മേഘയും താനും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും ഇക്കാര്യം തന്റെ മാതാപിതാക്കൾ യുവതിയുടെകോന്നി അതിരുങ്കലിലെ വീട്ടിലെത്തി അറിയിച്ചിരുന്നുവെന്നുമാണ് സുകാന്ത് ജാമ്യാപേക്ഷയിൽ പറയുന്നത്. എന്നാൽ, സുകാന്തിന്റെ മാതാപിതാക്കൾ തങ്ങളുടെ വീട്ടിൽ വന്നിട്ടില്ലെന്ന് മേഘയുടെ കുടുംബം പറഞ്ഞു. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ നോക്കിയാൽ കാര്യങ്ങൾ മനസിലാകും.
വിവാഹാലോചനയ്ക്ക് തങ്ങൾ തയാറായിരുന്നുവെന്ന് മേഘയുടെ പിതാവ് മധുസൂദനൻ പറഞ്ഞു. സുകാന്തിന്റെ മാതാപിതാക്കളെ തങ്ങളുടെ വീട്ടിലേക്ക് വിളിച്ചിരുന്നു. പക്ഷേ, അവർ വന്നില്ല. വിവാഹാലോചനയിൽ നിന്ന് സുകാന്തും കുടുംബവും പിന്മാറുകയായിരുന്നു. മേഘയെ സുകാന്ത് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പോലീസ് അന്വേഷണത്തിൽ തങ്ങൾ തൃപ്തരാണെന്ന് മേഘയുടെ കുടുംബം പറഞ്ഞു.