നഗരത്തിൽ പൈപ്പ് വെള്ളം പാഴാകുന്നു
1539441
Friday, April 4, 2025 4:13 AM IST
തിരുവല്ല: പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് നാളുകളേറെയായിട്ടും പരിഹാരമില്ല. തിരുവല്ല നഗരസഭയിലെ ഒന്പത്, പത്ത് വാർഡുകളുടെ മധ്യേ തിരുവല്ല റെയിൽവേ സ്റ്റേഷൻ -പുതുച്ചിറ റോഡിൽ ആമല്ലൂർ സെമിത്തേരിക്ക് മുൻവശത്തും മഞ്ഞാടി റോഡിലുമാണ് പൈപ്പു പൊട്ടി കുടിവെള്ളം പാഴാകുന്നത്.
നൂറുകണക്കിന് ലിറ്റർ കുടിവെള്ളമാണ് ദിവസങ്ങളായി നഷ്ടമാകുന്നത്. സ്ഥിരമായി വെള്ളം കെട്ടിക്കിടക്കുന്നതു മൂലം റോഡ് ചെളിക്കുണ്ടായി മാറിയതോടെ കാൽനടയാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. റോഡിലൂടെ വെള്ളം ഒഴുകുന്നതുമൂലം വാഹനങ്ങൾ പോകുമ്പോൾ മലിനജലം തെറിക്കുന്നുണ്ട്.
വാഹനങ്ങൾ കടന്നുപോകുമ്പോൾ വെള്ളം തെറിക്കാതിരിക്കാൻ വഴിയാത്രക്കാർ ഓടിമാറുന്നത് തെന്നി വിഴുന്നതിനും മറ്റ് അപകടങ്ങൾക്കും കാരണമാകുന്നു. പ്രദേശവാസികൾ പരാതി പറഞ്ഞിട്ട് അധികൃതർ ഗൗനിക്കുന്നില്ലെന്നാണ് ആക്ഷേപം.
വേനൽക്കാലത്ത് നഗരസഭയിൽ പല പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കേയാണ് ഇത്തരത്തിൽ വെള്ളം പാഴാകുന്നതെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.