ആശാ വര്‍ക്കര്‍മാരെ ലാസ്റ്റ് ഗ്രേഡ് സര്‍ക്കാര്‍ ജീവനക്കാരായി പ്രഖ്യാപിക്കണം: ആന്റോ ആന്റണി
1539429
Friday, April 4, 2025 3:50 AM IST
പത്തനംതിട്ട: ആശാ വര്‍ക്കര്‍മാരെ ലാസ്റ്റ് ഗ്രേഡ് സര്‍ക്കാര്‍ ജീവനക്കാരായി പ്രഖ്യാപിക്കണമെന്ന് ആന്റോ ആന്റണി എംപി ലോക്സഭയില്‍ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു. ഇതിന് കഴിയുന്നില്ലെങ്കില്‍ ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ്സ് പ്രതി മാസം 24000 രൂപയാക്കി ഉയര്‍ത്തണമെന്ന് അദ്ദേഹം ആവശ്യമുന്നയിച്ചു.
ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ നട്ടെല്ലായ ആശാ തൊഴിലാളികള്‍ ഗുരുതരമായ വെല്ലുവിളികള്‍ നേരിടുകയാണ്. നിര്‍ണായക പങ്ക് വഹിച്ചിട്ടും മോശം തൊഴില്‍ സാഹചര്യങ്ങളും കുറഞ്ഞ വേതനവും കാരണം അവര്‍ ഇപ്പോഴും ബുദ്ധിമുട്ടുകയാണ്.
ആശാ തൊഴിലാളികള്‍ ഒന്നിലധികം ഉത്തരവാദിത്തങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഇത് കനത്ത ജോലിഭാരത്തിനും ആരോഗ്യ അപകടങ്ങള്‍ക്കും കാരണമാകുന്നതായും എംപി ചൂണ്ടിക്കാട്ടി.
ആശമാര്‍ക്കു നിലവില്‍ ലഭിക്കുന്നത് പ്രതി മാസം 2000 രൂപയാണ്. ഇത് വളരെ അപര്യാപ്തവും അവരുടെ സേവനങ്ങളുടെ നിര്‍ണായക സ്വഭാവം പ്രതിഫലിപ്പിക്കുന്നില്ല.
കൂടാതെ, പലരും ജോലി സംബന്ധമായ ചെലവുകള്‍ക്കായി സ്വന്തം പോക്കറ്റില്‍ നിന്ന് ചെലവഴിക്കാന്‍ നിര്‍ബന്ധിതരാകുന്നു, ഇത് അവരെ കൂടുതല്‍ സാമ്പത്തിക ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്നും ആന്റോ അഭിപ്രായപ്പെട്ടു.