അവധിക്കാലം കായിക ലഹരിയുടേതാകട്ടെ : കണ്ടം ക്രിക്കറ്റ് ചെറിയ കളിയല്ല; കുട്ടികളെ കളത്തിലിറക്കാൻ കളക്ടർ
1539422
Friday, April 4, 2025 3:50 AM IST
പത്തനംതിട്ട: സ്മാർട്ട് ഫോണിന്റെയും കംപ്യൂട്ടറിന്റെയും ലോകത്തു നിന്ന് കുട്ടികളുമായി കളിക്കളത്തിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ. ഇതിന്റെ ഭാഗമായി അദ്ദേഹം ഫേസ്ബുക്കിൽ കഴിഞ്ഞദിവസം ഇട്ട ഒരു പോസ്റ്റ് വൈറലായി.
കണ്ടം ക്രിക്കറ്റ് ചെറിയ കളിയല്ല എന്ന പേരിൽ ഇട്ട പോസ്റ്റിൽ കുട്ടികൾ അവരവരുടെ നാട്ടിലെ കളിസ്ഥലങ്ങളിലേക്ക് ഇറങ്ങാനുള്ള ആഹ്വാനമാണ് നടത്തിയത്. പോസ്റ്റിനു പിന്നാലെ ഇന്നലെ രാവിലെ പത്തനംതിട്ട നഗരത്തിലെ ഒരു കളിക്കളത്തിൽ കളക്ടർ നേരിട്ടെത്തി ബാറ്റ് വീശിയപ്പോൾ കുട്ടികളിലും ആവേശമായി.
പത്തനംതിട്ട വെട്ടിപ്പുറത്തെ കളിക്കളത്തിലേക്ക് എത്തിയ കളക്ടർ കുട്ടികളോടൊപ്പം ബാറ്റ് വീശി. അവരോടൊപ്പം ഏറെനേരം ചെലവഴിച്ച് ഫോട്ടോയുമെടുത്താണ് മടങ്ങിയത്. കളിസ്ഥലങ്ങളുടെ പേരും ഫോട്ടോയും കളക്ടറുടെ പോസ്റ്റിന്റെ കമന്റ് ബോക്സിൽ രേഖപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ഇടങ്ങളിൽ സമയം അനുസരിച്ച് താനും എത്തുമെന്ന് കളക്ടർ പറയുന്നു. നല്ല ഫോട്ടോകൾക്ക് സമ്മാനവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
പഴയകാല ഓർമകളിലേക്കുള്ള തിരിച്ചുപോക്കിനാണ് കളക്ടർ ശ്രമിച്ചിരിക്കുന്നത്. മുന്പൊക്കെ അവധി ലഭിച്ചാൽ കുട്ടികളെ വീട്ടിൽ കാണാറില്ലായിരുന്നു. രാവിലെ ക്രിക്കറ്റ് ബാറ്റും ബോളുമൊക്കെയായി ഇറങ്ങിയാൽ രാത്രിയോടെയായിരിക്കും മടക്കം. നാട്ടിലെ കൊയ്ത്തു കഴിഞ്ഞ പാടങ്ങളും വെറുതെ കിടക്കുന്ന സ്ഥലങ്ങളുമൊക്കെ കളിസ്ഥലങ്ങളായി മാറും. ക്രിക്കറ്റും ഫുട്ബോളും തുടങ്ങി നാടൻ കളികളുമെല്ലാം അരങ്ങേറും. ഇന്നിപ്പോൾ ഇത്തരം കളിസ്ഥലങ്ങൾ നമുക്ക് നഷ്ടപ്പെട്ടു. ഇതാണ് കണ്ടം ക്രിക്കറ്റ് വീണ്ടെടുക്കാനുള്ള ആഹ്വാനം കളക്ടർ നടത്തിയിരിക്കുന്നത്.
സ്മാർട്ട് ഫോണുകളുടെ അമിത ഉപയോഗം കുട്ടികളെ വഴിതെറ്റിക്കുന്നുവെന്ന തിരിച്ചറിവിൽ ഇത്തരം നാടൻ കളിക്കളങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. എന്തായാലും കളക്ടറുടെ പോസ്റ്റിന് നല്ല പിന്തുണയാണ് ഒരുദിവസം കൊണ്ടു ലഭിച്ചത്. യുവാക്കളുടെ വിദ്യാർഥികളുമൊക്കെ ഇത് ഏറ്റെടുത്തു കഴിഞ്ഞു. കമന്റ് ചെയ്യുന്നവരിൽ കുട്ടികൾ കൂടുതലായുണ്ടാകണമെന്നാണ് കളക്ടറുടെ ആഗ്രഹം.