സാന്പത്തിക പ്രതിസന്ധിയിൽ കുടുങ്ങി പത്തനംതിട്ട താലൂക്ക് രൂപീകരണം
1539104
Thursday, April 3, 2025 3:34 AM IST
പത്തനംതിട്ട: പത്തനംതിട്ട താലൂക്ക് രൂപീകരണം സാന്പത്തിക പ്രതിസന്ധിയിൽ കുടുങ്ങി. ജില്ലാ ആസ്ഥാനമായ പത്തനംതിട്ട കേന്ദ്രീകരിച്ച് പുതിയ താലൂക്ക് രൂപീകരിക്കണമെന്ന നിർദേശം മൂന്ന് വർഷമായിട്ടും നടപ്പാക്കാനാകെ റവന്യു വകുപ്പ്.
നിലവിൽ കോഴഞ്ചേരി താലൂക്കിലാണ് പത്തനംതിട്ട നഗരസഭയും സമീപ പഞ്ചായത്തുകളും ഉൾപ്പെടുന്നത്. താലൂക്കിന്റെ ആസ്ഥാനം പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനുമാണ്. കോഴഞ്ചേരി താലൂക്ക് നിലനിർത്തിക്കൊണ്ട് പത്തനംതിട്ട ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ നിർദേശം ഉയർന്നിരുന്നു.
2022 മേയ് 22ന് ചേർന്ന യോഗത്തിൽ റവന്യു വകുപ്പ് ആവശ്യമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് തീരുമാനിച്ചിരുന്നു.
റിപ്പോർട്ട് സമർപ്പിച്ചിട്ടും തുടർ നടപടി വൈകുകയാണ്. പുതിയ താലൂക്ക് രൂപീകരണം റവന്യു വകുപ്പ് തത്വത്തിൽ അംഗീകരിച്ചെങ്കിലും സാന്പത്തിക പ്രതിസന്ധി കാരണം ധനവകുപ്പ് അനുമതി നൽകിയില്ല.
കോഴഞ്ചേരി കേന്ദ്രമാക്കി പുതിയ താലൂക്കും പത്തനംതിട്ടയിൽ നിലവിലുള്ള കോഴഞ്ചേരി താലൂക്കിന്റെ പേര് പത്തനംതിട്ട എന്നാക്കി മാറ്റാനുമായിരുന്നു നിർദേശം. പുതിയ താലൂക്കുകൾ വരുന്നതോടെ പത്തനംതിട്ട ജില്ലയിലെ താലൂക്കുകളുടെ എണ്ണം ഏഴാകും.
നാലു പതിറ്റാണ്ടിലേറെയുള്ള ആവശ്യം
1982ൽ പത്തനംതിട്ട ജില്ല രൂപീകരിക്കുന്പോൾ തന്നെ കോഴഞ്ചേരി കേന്ദ്രമാക്കി പുതിയ താലൂക്ക് എന്ന ആവശ്യമുണ്ടായിരുന്നു. അന്ന് കോഴഞ്ചേരി താലൂക്ക് അനുവദിച്ചെങ്കിലും ആസ്ഥാനം പഴയ പത്തനംതിട്ട താലൂക്കിന്റേതാക്കി മാറ്റുകയായിരുന്നു. പിന്നീട് ഈ താലൂക്ക് വിഭജിച്ച് കോന്നി താലൂക്ക് രൂപീകരിച്ചു.
ജില്ല രൂപീകരണഘട്ടത്തിൽ പല ഭാഗങ്ങളിലും താലൂക്കുകൾക്ക് ആവശ്യം ഉയർന്നതോടെ കോഴഞ്ചേരിക്കാരുടെ ആവശ്യം പരിഗണിച്ച് കെ.കെ. നായർ മുന്നോട്ടുവച്ച നിർദേശം അംഗീകരിച്ച് പത്തനംതിട്ട കേന്ദ്രമാക്കി കോഴഞ്ചേരി താലൂക്ക് പ്രഖ്യാപിക്കുകയായിരുന്നു.
കാലക്രമേണ പല അസൗകര്യങ്ങളും ഉണ്ടായതോടെയാണ് നിലവിലെ താലൂക്ക് ആസ്ഥാനം കോഴഞ്ചേരിയിലേക്കു മാറ്റുകയും പത്തനംതിട്ട ആസ്ഥാനമാക്കി പുതിയ പത്തനംതിട്ട താലൂക്ക് രൂപീകരിക്കുകയും ചെയ്യുക എന്ന നിർദേശം ഉണ്ടായത്.
പഴയ കൊല്ലം ജില്ലയുടെ ഭാഗമായിരിക്കുന്പോൾ പത്തനംതിട്ട കേന്ദ്രമാക്കി താലൂക്ക് ഉണ്ടായിരുന്നു. പുതിയ ജില്ല വന്നതോടെ പത്തനംതിട്ടയ്ക്ക് താലൂക്കിന്റെ പേരു നഷ്ടപ്പെടുകയായിരുന്നു. പുതുതായി വന്ന കോഴഞ്ചേരി താലൂക്കാകട്ടെ വിസ്തൃതിയിലം മുന്നിലെത്തി.
പത്തനംതിട്ട താലൂക്ക്
പത്തനംതിട്ട നഗരസഭ, വള്ളിക്കോട്, മൈലപ്ര, ഓമല്ലൂർ, നാരങ്ങാനം, ചെന്നീർക്കര, ഇലന്തൂർ പഞ്ചായത്തുകളാണ് നിർദിഷ്ട പത്തനംതിട്ട താലൂക്കിലുൾപ്പെടുന്നത്. 101.20 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയായുണ്ടാകും. 1,13,000 ആണ് ജനസംഖ്യ. കോന്നി താലൂക്ക് രൂപീകരിച്ചപ്പോൾ അവിടേക്ക് മാറ്റിയ കോന്നി, വള്ളിക്കോട് വില്ലേജുകൾ തിരികെ കോഴഞ്ചേരി താലൂക്കിലേക്ക് മാറ്റിയിട്ടുണ്ട്.
കോഴഞ്ചേരി താലൂക്ക്
ആറൻമുള, അയിരൂർ, കോഴഞ്ചേരി, മെഴുവേലി, കുളനട, തോട്ടപ്പുഴശേരി, മല്ലപ്പുഴശേരി പഞ്ചായത്തുകളാണ് നിർദിഷ്ട കോഴഞ്ചേരി താലൂക്കിലുൾപ്പെടുത്തേണ്ടത്. കോഴഞ്ചേരി മിനി സിവിൽ സ്റ്റേഷൻ ആസ്ഥാനമാകും.
താലൂക്ക് ആസ്ഥാനത്തെ പുതിയ ഓഫീസുകൾ കോഴഞ്ചേരി, ആറന്മുള മിനി സിവിൽ സ്റ്റേഷനുകളിലായി ക്രമീകരിക്കാനാകും. നിലവിൽ തോട്ടപ്പുഴശേരി പഞ്ചായത്ത് തിരുവല്ല താലൂക്കിന്റെ ഭാഗമാണ്. 116 .67 ചതുരശ്ര കിലോമീറ്ററാണ് നിർദിഷ്ട കോഴഞ്ചേരി താലൂക്കിന്റെ വിസ്തൃതി കണക്കാക്കിയിരിക്കുന്നത്. 1, 42,323 ആണ് ജനസംഖ്യ.