ഇലവുംതിട്ട ഡോ. അംബേദ്കർ ഇംഗ്ലീഷ് മീഡിയം സ്കൂളിന് സർക്കാർ അനുമതി ലഭ്യമാക്കാൻ ന്യൂനപക്ഷ കമ്മീഷൻ ഉത്തരവ്
1539105
Thursday, April 3, 2025 3:34 AM IST
തിരുവനന്തപുരം: സൂക്ഷ്മ ന്യൂനപക്ഷ വിഭാഗമായ ബുദ്ധമത വിശ്വാസികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി രൂപീകരിച്ച പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗൗതമ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ അധീനതയിലുള്ള ഡോ. അംബേദ്കർ ഇംഗ്ലീഷ് മീഡിയം സ്കൂളിന് സർക്കാർ അനുമതി ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നിർദേശം നൽകി.
കമ്മീഷൻ ആസ്ഥാനത്ത് നടന്ന സ്പെഷൽ സിറ്റിംഗിൽ ചെയർമാൻ അഡ്വ. എ.എ. റഷീദാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകിയത്.
2006 മുതൽ 2019 വരെ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന സ്കൂളിൽ, കോവിഡ് മഹാമാരിയെ തുടർന്ന് കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതിനാൽ അധ്യയനം നിലയ്ക്കുകയും 2024-25 അധ്യയന വർഷം മുതൽ സ്കൂൾ തുറന്ന് പ്രവർത്തിക്കുന്നതിന്, ആവശ്യമായ രേഖകൾ സഹിതം പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് അപേക്ഷ സമർപ്പിക്കുകയും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അപേക്ഷ നിരസിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ട്രസ്റ്റ് അധികൃതർ കമ്മീഷനെ സമീപിച്ചത്.