മല്ലപ്പള്ളിയുടെ കിഴക്കൻ മേഖലയോടു കെഎസ്ആർടിസിക്ക് അതൃപ്തി
1539118
Thursday, April 3, 2025 3:46 AM IST
മല്ലപ്പള്ളി: തിരുവല്ല, മല്ലപ്പള്ളി കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നും താലൂക്കിന്റെ കിഴക്കൻ മേഖലകളിലേക്ക് നടത്തിവന്ന സർവീസുകൾ ഒന്നൊന്നായി പിൻവലിച്ചു. യാത്രക്കാർ ഏറെ ആശ്രയിച്ചിരുന്ന റൂട്ടുകളിൽ പോലും സർവീസുകൾ പുനരാരംഭിക്കാൻ കെഎസ്ആർടിസി മടിക്കുകയാണ്.
ഡിപ്പോയിൽ ബസിന്റെ ക്ഷാമമാണ് പല ഷെഡ്യൂളുകളും പുനരാരംഭിക്കാത്തതിനു കാരണമായി പറയുന്നത്. 33 ഷെഡ്യൂളുകൾക്ക് 28 ബസുകളാണ് നിലവിലുള്ളത്. ഇതിൽ ഓർഡിനറി ബസുകളാണേറെയും. കോഴഞ്ചേരി - കോട്ടയം ചെയിൻ സർവീസുകൾ പോലും വെട്ടിക്കുറച്ചിരിക്കുകയാണ്. നേരത്തെ 20 മിനിട്ട് ഇടവേളകളിൽ ചെയിൻ സർവീസുകളുണ്ടായിരുന്നു. ഇപ്പോൾ അരമണിക്കൂർ കഴിഞ്ഞാലും മിക്ക സമയങ്ങളിലും ബസ് ലഭിക്കാറില്ല.
ഇതോടെ യാത്രക്കാർ കെഎസ്ആർടിസിയെ ഉപേക്ഷിച്ച മട്ടാണ്. താലൂക്കിന്റെ കിഴക്കൻ പ്രദേശങ്ങളായ ചുങ്കപ്പാറ, ആനിക്കാട്, റാന്നി മേഖലകളിലേക്കും മല്ലപ്പള്ളി ഡിപ്പോയിൽ നിന്നുള്ള ബസുകൾ വെട്ടിക്കുറച്ചു. റാന്നിയിലേക്ക് മല്ലപ്പള്ളി ഡിപ്പോയ്ക്ക് ഒരു ബസുപോലും ഇല്ലാത്ത സ്ഥിതിയാണ്. കോട്ടയം - റാന്നി റൂട്ടിലെ ഏക ഷെഡ്യൂൾ റാന്നി ഡിപ്പോയ്ക്കു കൈമാറുകയും ചെയ്തു. ചങ്ങനാശേരി - റാന്നി റൂട്ടിൽ ചെയിൻ സർവീസിന് മുന്പ് അനുമതി ലഭിച്ചതാണെങ്കിലും ചില ഉദ്യോഗസ്ഥരുടെ താത്പര്യം സംരക്ഷിച്ച് ബസുകൾ ഓടിക്കാനായില്ല.
കോവിഡ് കാലത്തു നിർത്തിയ സർവീസുകൾ പുനരാരംഭിച്ചില്ല
മല്ലപ്പള്ളി ഡിപ്പോയിൽ നിന്നും വായ്പൂര്, എഴുമറ്റൂർ, ഇരുന്പുകുഴി, ചുഴന, തീയാടിക്കൽ, ചെറുകോൽപ്പുഴ, കോഴഞ്ചേരി വഴി പത്തനംതിട്ടയിലേക്ക് വർഷങ്ങളായി സർവീസ് നടത്തിവന്ന ഓർഡിനറി ബസാണ് നാട്ടുകാരുടെ നിരന്തരമായ ആവശ്യമുണ്ടായിട്ടും കെഎസ്ആർടിസി പുനരാരംഭിക്കാത്തത്.
രാവിലെയും വൈകുന്നേരവുമായി ഒരു ട്രിപ്പ് മാത്രമാണ് ഈ റൂട്ടിൽ കെഎസ്ആർടിസിക്കുണ്ടായിരുന്നത്. ഇതു നിർത്തലാക്കിയതോടെ ഈ പ്രദേശങ്ങളിൽ നിന്നുള്ളവർ ഏറെ ബുദ്ധിമുട്ടിലാണ്. സ്ഥിരം യാത്രക്കാരായ ജീവനക്കാരും വിദ്യാർഥികളും ഉൾപ്പെടെ ആശ്രയിച്ചുവന്നിരുന്ന സർവീസായിരുന്നു ഇത്. താലൂക്കിലെ ഉൾപ്രദേശങ്ങളെ ജില്ലാ ആസ്ഥാനവുമായി ബന്ധപ്പെടുത്തിയുള്ള ഏക സർവീസുമായിരുന്നു.
കോവിഡിനോടനുബന്ധിച്ച് നിർത്തലാക്കിയ സർവീസാണിത്. മല്ലപ്പള്ളി ഡിപ്പോ അക്കാലത്തു നിർത്തിയ പല ഷെഡ്യൂളുകളും പുനരാരംഭിച്ചെങ്കിലും പത്തനംതിട്ട സർവീസ് തുടങ്ങാൻ തയാറായില്ല.
തിരുവല്ല ഡിപ്പോയിൽ നിന്നും ലാഭകരമായി സർവീസ് നടത്തിവന്ന വെണ്ണിക്കുളം, വാളക്കുഴി, തീയാടക്കൽ, കണ്ടംപേരൂർ റാന്നി ഷെഡ്യൂളും കോവിഡിനുശേഷം ഓടുന്നില്ല. രാത്രി 9.30ന് തിരുവല്ലയിൽ നിന്നു പുറപ്പെട്ട് വാളക്കുഴി വഴി എഴുമറ്റൂരിലെത്തി സ്റ്റേ ചെയ്തിരുന്ന ബസാണിത്. എഴുമറ്റൂരിൽ നിന്നും പുലർച്ചെ തിരുവല്ലയിലേക്കും സർവീസുണ്ടായിരുന്നു. രാത്രി യാത്രക്കാർക്കും പുലർച്ചെ തിരുവല്ലയിലെത്തേണ്ടവർക്കും ഏറെ പ്രയോജനപ്പെട്ടിരുന്നു.
ട്രെയിൻ യാത്രക്കാരായിരുന്നു സർവീസിന്റെ ഗുണഭോക്താക്കളേറെയും. തിരുവല്ല ഡിപ്പോ കോവിഡ് കാലത്തു നിർത്തലാക്കിയവയിൽ പുനരാരംഭിക്കാത്ത സർവീസാണിത്. വാളക്കുഴി, തീയാടിക്കൽ, കണ്ടംപേരൂർ റൂട്ടിലുണ്ടായിരുന്ന ഏക കെഎസ്ആർടിസി ബസുമായിരുന്നു ഇത്. സ്വകാര്യ ബസുകളുമായുള്ള ധാരണയിലാണ് സർവീസ് പുനരാരംഭിക്കാത്തതെന്നാണ് ആക്ഷേപം. ഇതിനിടെ ഷെഡ്യൂൾ പുനഃക്രമീകരിച്ച് കെഎസ്ആർടിസി ഓടിക്കുന്നതായും പറയുന്നു.
കല്ലൂപ്പാറ വഴിയുള്ള ഷെഡ്യൂളുകളും വെട്ടിക്കുറച്ചു
കെഎസ്ആർടിസി മല്ലപ്പള്ളി ഡിപ്പോയുടെ പ്രസ്റ്റീജ് റൂട്ടായി കണക്കാക്കിയിരുന്ന കല്ലൂപ്പാറ വഴി തിരുവല്ല സർവീസുകളും വെട്ടിക്കുറച്ചിരിക്കുകയാണ്. തിരുവല്ല - കല്ലൂപ്പാറ - മല്ലപ്പള്ളി - ചുങ്കപ്പാറ റൂട്ടിൽ ചെയിൻ സർവീസുകൾ തുടങ്ങിയിരുന്നെങ്കിലും അതും നിലച്ചു. ഇതോടെ കല്ലൂപ്പാറ, ചുങ്കപ്പാറ റൂട്ടുകളിലാണ് യാത്രാക്ലേശം ഏറിയത്.
രാത്രി 10ന് തിരുവല്ലയിൽ നിന്നു പുറപ്പെട്ടിരുന്നതടക്കമുള്ള സർവീസുകൾ നിർത്തലാക്കിയിരിക്കുകയാണ്. രാത്രിയിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് പ്രയോജനപ്പെട്ടിരുന്ന സർവീസുകളാണിവ. പുലർച്ചെ ചുങ്കപ്പാറയിൽ നിന്നാരംഭിച്ചിരുന്ന ഷെഡ്യൂളുകളും ഇല്ലാതായി.