വേനൽമഴ എത്തിയിട്ടും കുടിവെള്ളക്ഷാമം തുടരുന്നു
1539120
Thursday, April 3, 2025 3:46 AM IST
റാന്നി: ഇടവിട്ടു വേനൽമഴ ലഭിച്ചെങ്കിലും മലയോര മേഖലയിലെ കുടിവെള്ളക്ഷാമത്തിനു പരിഹാരമായില്ല. മഴ ശക്തമല്ലാത്തതു കാരണം അന്തരീക്ഷതാപ നിലയിൽ കുറവു വന്നിട്ടില്ല. ഭൂമിയിലേക്ക് വെള്ളം താഴാത്തതിനാൽ കുടിവെള്ള സ്രോതസുകളിലും ജലനിരപ്പിൽ വ്യത്യാസം ഉണ്ടാകുന്നില്ല.
പ്രതിസന്ധി രൂക്ഷമായിട്ടും കുടിവെള്ള വിതരണത്തിന് പഞ്ചായത്തുകളോ സർക്കാർ ഏജൻസികളോ ഇതേവരെ തയാറായിട്ടുമില്ല. നാറാണംമൂഴി പഞ്ചായത്തിൽസ്വകാര്യ വാഹനങ്ങളിൽ പ്ലാസ്റ്റിക് ടാങ്കറുകളിൽ എത്തിച്ച് വിൽക്കുന്ന വെള്ളം തന്നെയാണ് മിക്കയിടത്തും നാട്ടുകാരുടെ എക ആശ്രയം.
വില കൊടുത്തു വെള്ളം വാങ്ങാതെ തരമില്ലെന്നായെന്ന് നാട്ടുകാർ. അല്ലാതെ പൈപ്പുലൈൻ വഴിയോ വാഹനങ്ങളിൽ നേരിട്ടോ പഞ്ചായത്തോ സർക്കാർ സംവിധാനങ്ങളോ വെള്ളം എത്തുന്നതും കാത്തിരുന്നിട്ടു കാര്യമില്ലെന്ന സ്ഥിതിയാണ്.
കുടിവെള്ള പദ്ധതി പൂർത്തീകരിച്ച് ജല വിതരണം ഉടനെ നടത്തുമെന്ന് പ്രഖ്യാപനങ്ങൾ വരുന്നതല്ലാതെ പല പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുകയാണ്.
കക്കുടിമൺ, വിളയാട്ടുപാറ, നീരാട്ടു കാവിലെ ഉയർന്ന പ്രദേശങ്ങൾ , കണ്ണംപള്ളിയുടെ പരിസര പ്രദേശങ്ങൾ, അത്തിക്കയം ടൗൺ മേഖല, കടുമീൻചിറ, മടന്തമൺ, തെക്കേത്തൊട്ടി, മന്ദിരം കിഴക്കേ ഭാഗം, കൊച്ചുകുളം, കുടമുരുട്ടി , പഞ്ചാരമുക്ക് , പൊന്നമ്പാറ, ഇടുക്കി കോളനി എന്നിവിടങ്ങളിലെല്ലാം കുടിവെള്ള പ്രതിസന്ധി രൂക്ഷമാണ്.