നിർമലപുരം റോഡരികിൽ മാലിന്യം തള്ളുന്നു
1539117
Thursday, April 3, 2025 3:46 AM IST
ചുങ്കപ്പാറ: കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ തീർഥാടന വിനോദ സഞ്ചാര മേഖലകളിലേക്കുള്ള മാരംങ്കുളം - നിർമലപുരം റോഡരികിൽ നിരന്തരമായി മത്സ്യ, മാംസ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും തള്ളുന്നതായി പരാതി. അസഹനിയമായ ദുർഗന്ധം കാരണം കാൽനടക്കാർക്കും പരിസരവാസികൾക്കും ബുദ്ധിമുട്ടേറി.
തെരുവുനായ്ക്കൾ, കുറുനരി, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളും മാലിന്യങ്ങൾ ഭക്ഷിക്കുന്നതിനായി ചിതറിച്ചിടുക കൂടി ചെയ്യുന്നതോടെ മഴ പെയ്യുന്പോൾ ഇത് ഒഴുകി കുടിവെള്ള സ്രോതസുകൾവരെ എത്തുന്നു. കാക്കകളും മറ്റു പക്ഷികളും മാലിന്യങ്ങൾ എടുത്തുകൊണ്ടുപോയി കിണറുകളിൽ നിക്ഷേപിക്കുന്നതും പതിവുകാഴ്ചയാണ്.
ഈച്ച, കൊതുക് എന്നിവയുടെ ശല്യവും അതിരൂക്ഷമാണ്. സന്പൂർണ ശുചിത്വ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് നടപടികൾ ഊർജ്ജിതമാക്കുന്നതിനിടെയാണ് മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞു പ്രദേശവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നത്.
ആരോഗ്യ വകുപ്പും പോലീസും അടിയന്ര നടപടി സ്വീകരിക്കണമെന്ന് നിർമലപുരം - ചുങ്കപ്പാറ ജനകിയ വികസന സമതിയോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായ സോണി കൊട്ടാരം, ജോസി ഇലഞ്ഞിപ്പുറം, ജോയി പീടികയിൽ ബാബു പുലിതിട്ട , ബിജു മോടിയിൽ എന്നിവർ പ്രസംഗിച്ചു.