പഞ്ചായത്ത് ഭരണസമിതി വായനശാലകളെ അവഗണിക്കുന്നെന്ന്
1539121
Thursday, April 3, 2025 3:46 AM IST
ഏഴംകുളം: വായനശാലകളോട് ഏഴംകുളം ഗ്രാമപഞ്ചായത്ത് ഭരണ സമിതി അയിത്തം കാട്ടുകയാണെന്ന് ഏഴംകുളം പബ്ലിക് ലൈബ്രറി ഭരണസമിതി യോഗം ആരോപിച്ചു. 2015-20 കാലഘട്ടത്തിൽ ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള പഞ്ചായത്തിലെ ഗ്രാമീണ ഗ്രന്ഥശാലകൾക്ക് പഞ്ചായത്ത് കമ്മിറ്റി പുസ്തകം വാങ്ങി നൽകിയിരുന്നു.
എന്നാൽ 2020 ൽ അധികാരത്തിൽ വന്ന ഭരണസമിതി ഗ്രാമീണ ഗ്രന്ഥശാലകളോടു ശത്രുതാ മനോഭാവത്തോടെയാണ് പെരുമാറുന്നത്. ഗ്രന്ഥശാലകൾക്ക് പുസ്തകം വാങ്ങി നൽകുന്നതിന് അഞ്ചുലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തി. 2024 മാർച്ചിനു മുന്പായി പണം നൽകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
ഓരോ ഗ്രന്ഥശാലകൾക്കും ആവശ്യമുള്ള കാര്യങ്ങൾ രേഖാമൂലം നൽകാനും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് എല്ലാ ലൈബ്രറികളും വിവരങ്ങൾ നൽകി.എന്നാൽ ലൈബ്രറികൾക്ക് നൽകാൻ നീക്കിവച്ചെന്നു പറഞ്ഞ തുക വകമാറ്റി ചെലവഴിക്കുകയാണ് ചെയ്തത്.
2024-25, 2025-26 സാമ്പത്തിക വർഷങ്ങളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനോ വായനശാലകളുടെ ഭൗതിക സാഹചര്യം വർധിപ്പിക്കുന്നതിനോ ഒരു രൂപ പോലും പഞ്ചായത്ത് ബജറ്റിൽ വകയിരുത്തിയിട്ടില്ല.
പഞ്ചായത്ത് അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരം നടത്താൻ ഏഴംകുളം പബ്ലിക് ലൈബ്രറി ഭരണസമിതി യോഗം തീരുമാനിച്ചു. പ്രസിഡന്റ് വിമൽ രാജ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സി.പി. സുഭാഷ്, ജോയിൻറ് സെക്രട്ടറി ജയിംസ് മാത്യു, ജോർജ് തോമസ്, ആർ. മനോഹരൻ, ശാന്തി കെ. കുട്ടൻ, ബാബു ഡാനിയൽ, സുധീപ് സന്തോഷ്, റോഹൻ ജോർജ്, ഷാനവാസ്, രാധാമണി എന്നിവർ പ്രസംഗിച്ചു.