അത്തിക്കയം പാലം നിർമാണം ഏഴു ദിവസത്തിനകം തുടങ്ങണമെന്ന് കരാറുകാരന് താക്കീത്
1539119
Thursday, April 3, 2025 3:46 AM IST
റാന്നി: അത്തിക്കയം പാലത്തിന്റെ നിർമാണ ജോലികൾ ഏഴുദിവസത്തിനകം ആരംഭിച്ചില്ലെങ്കിൽ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പ്രവൃത്തികൾ പുനഃക്രമീകരിക്കുമെന്നു കാട്ടി റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പ്രോജക്ട് ഡയറക്ടർ കരാറുകാരനു നോട്ടീസ് നൽകി.
കരാറുകാരൻ കാസർഗോഡ് ചെങ്ങളം സ്വദേശി സി. അബ്ദുൽ റഷീദിനാണ് താക്കീത് നൽകിയത്. നേരത്തെ ഹിയറിംഗ് നടത്തിയപ്പോൾ ഇയാൾ നിർമിക്കുന്ന അത്തിക്കയം - കടുമീൻചിറ റോഡ്, ഇറത്തോട് - ആശാൻ കുടി റോഡ്, ജനസേവാ റോഡ് എന്നിവ അടിയന്തരമായി പൂർത്തീകരിക്കുമെന്ന് കരാറുകാരൻ ഉറപ്പുനൽകിയിരുന്നു.
എന്നാൽ അത്തിക്കയം - കടുമീൻചിറ റോഡ്, ജനസേവ റോഡ് എന്നീ രണ്ട് റോഡുകളുടെ നിർമാണത്തിൽ പിന്നീട് യാതൊരു പുരോഗതി ഉണ്ടായതുമില്ല. അതിനാലാണ് ഇപ്പോൾ കത്ത് നൽകിയിരിക്കുന്നതെന്ന് റീബിൽഡ് കേരള വിശദീകരിച്ചു.
നിലവിൽ ഹിയറിംഗ് നടപടികൾ പൂർത്തീകരിച്ചതിനാൽ മറ്റൊരു മുന്നറിയിപ്പ് നൽകാതെ തുടർ നടപടി സ്വീകരിക്കുമെന്നാണ് താക്കീത്.