പത്തനംതിട്ട സന്പൂർണ മാലിന്യമുക്ത ഹരിത നഗരസഭ
1539108
Thursday, April 3, 2025 3:34 AM IST
പത്തനംതിട്ട : പത്തനംതിട്ടയെ സമ്പൂർണ മാലിന്യമുക്ത ഹരിത നഗരസഭയായി പ്രഖ്യാപിച്ചു. കുമ്പഴയിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ പ്രഖ്യാപനം നടത്തി. മാലിന്യ കൂനകൾ നിറഞ്ഞ നഗരത്തിൽ നിന്ന് നാലു വർഷം കൊണ്ട് സമ്പൂർണ മാലിന്യമുക്ത ഹരിത നഗരമായി മാറാൻ കഴിഞ്ഞത് ചിട്ടയും കാര്യക്ഷമവുമായ പ്രവർത്തനം കൂട്ടായി ഏറ്റെടുത്ത് നടപ്പിലാക്കിയതിലൂടെയാണെന്ന് ചെയർമാൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജറി അലക്സ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നഗരസഭയിലെ മൂന്ന് കോളജുകളെ ഹരിത കലാലയങ്ങളായി പ്രഖ്യാപിച്ചു. ഹരിത ഓഫീസ്, ഹരിത വിദ്യാലയം എന്നിവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
മാലിന്യമുക്തം നവകേരളം കാന്പെയിനുമായി സഹകരിച്ച ശുചിത്വമിഷൻ, നഗരസഭാ ഹരിതകർമ സേന, ശുചീകരണ തൊഴിലാളികൾ, നഗരസഭാ ഡ്രൈവർമാർ, ക്ലീൻ കേരള കമ്പനി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ജില്ലാ അസൂത്രണ സമിതികൾ പി.കെ. അനീഷ്, കൗൺസിലർ ആർ. സാബു , ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ അനിൽകുമാർ, മുസലിയാർ കോളജ് ചെയർമാൻ പി.ഐ. മുഹമ്മദ് ഷെരീഫ്, പ്രിൻസിപ്പൽ പ്രിയ ജി. ദാസ്, ക്ലീൻ സിറ്റി മാനേജർ എം.പി. വിനോദ് കുമാർ, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ്, ജെഎച്ച്ഐ സന്തോഷ്, മുസലിയാർ കോളജ് എൻഎസ്എസ് കോഡിനേറ്റർ ജിസ്മോൾ ടി. ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.