ആശാസമരം ഒത്തുതീർപ്പാക്കണം: പ്രകാശ് കാരാട്ടിനു പുതുശേരി കത്തയച്ചു
1538807
Wednesday, April 2, 2025 3:48 AM IST
പത്തനംതിട്ട: കേരളത്തിലെ ആശാപ്രവർത്തകർ അന്പതുദിവസത്തിലേറെയായി സെക്രട്ടേറിയറ്റ് നടയിൽ നടത്തിവരുന്ന സമരം അവസാനിപ്പിക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി സിപിഎം അഖിലേന്ത്യ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ടിനു കത്തയച്ചു.
ഇന്ത്യയിലെ ഇതര സംസ്ഥാനത്തെക്കാൾ വളരെ ഉയർന്ന ജീവിതസൂചികയുള്ള കേരളത്തിൽ ആശാ വർക്കർമാർക്ക് കേരള സർക്കാർ 33 രൂപയുടെ പ്രതിദിനവേതനമാണ് നൽകിവരുന്നത്. ഇവർ സേവന കാലാവധി കഴിഞ്ഞു പിരിഞ്ഞുപോകുന്നത് യാതൊരു പ്രതിഫലവുമില്ലാതെ വെറും കൈയോടെയാണ്.
മെച്ചപ്പെട്ട വേതനവും റിട്ടയർമെന്റ് ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിന് തൊഴിലാളികൾ 50 ദിവസമായി സെക്രട്ടേറിയറ്റിനു മുമ്പിൽ രാപകൽ സമരത്തിലാണ്.
അനിശ്ചിതകാല ഉപവാസ സമരവും മുടിമുറിച്ച് പ്രതിഷേധവുമൊക്കെ നടത്തുന്ന സാഹചര്യത്തിൽ സമരം തുടരുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് പുതുശേരിയുടെ കത്തിൽ പറയുന്നു.