ടാപ്പിംഗ് നിലച്ചു, റബർത്തോട്ടങ്ങൾ കാടുകയറി; പന്നികൾക്കു താവളം
1538803
Wednesday, April 2, 2025 3:48 AM IST
പത്തനംതിട്ട: കാടുവിട്ട് നാടിറങ്ങിയ പന്നിക്കൂട്ടം തിരികെ കാടുകയറാതെ നാട്ടിൽതന്നെ തങ്ങാൻ താവളമാകുന്നത് കുറ്റിക്കാടുകൾ. കിഴക്കൻ മേഖലയിലെ റബർ തോട്ടങ്ങളാണ് ഇവയുടെ പ്രധാന താവളം. നാളുകളായി ടാപ്പിംഗ് നിലച്ച് തോടുകൾ കാടു കയറി കിടക്കുകയാണ്.
സഹ്യസാനുവിന്റെ ചെരുവിൽ കാടിനോടു ചേർന്നാണ് വൻകിട റബർ പ്ലാന്റേഷനുകളുള്ളത്. റബറിനു വില ഇടിഞ്ഞതിനാൽ പല തോട്ടങ്ങളിലും ഇപ്പോൾ ടാപ്പിംഗ് നടക്കുന്നില്ല. കാടിന്റെ ഭാഗമായി റബർ തോട്ടങ്ങളും മാറിയ അവസ്ഥയാണ്. അന്നം തേടി കാടിറങ്ങിയ കാട്ടുപന്നികൾക്ക് തിരികെ പോകാതെ തോട്ടങ്ങൾ താവളമായി മാറുകയാണ്.
കാട്ടുപന്നികൾ റബർ തോട്ടങ്ങളിലെ കുറ്റിക്കാടുകളിലാണ് ആദ്യം അഭയം തേടിയത്. അവിടെ നിന്നും ജനവാസ മേഖലയിലെ കൃഷിയിടങ്ങളിലേക്കും നാട്ടിൻ പുറങ്ങളിലേക്കും പന്നി കൂട്ടമായി ചേക്കേറിയെന്നാണ് വനം വകുപ്പിന്റെ നിഗമനം. പന്നി ശല്യം കാരണം നാട്ടിൻപുറങ്ങളിൽ കൃഷിഭൂമി തരിശിട്ടു തുടങ്ങിയതോടെ അവിടെയും കാടു കയറി. ഒടുവിൽ കാട്ടിൽ നിന്നും കിലോമീറ്ററുകൾക്കപ്പുറംവരെ കാട്ടുപന്നികൾക്ക് താവളങ്ങളായി.
കാട് വിട്ടിറങ്ങിയതു10 വർഷം മുമ്പ്
ഏകദേശം പത്തു വർഷം മുന്പാണ് കാട്ടുപന്നികൾ കൂട്ടമായി കാടുവിട്ടിറങ്ങിത്തുടങ്ങിയത്. റബർ ടാപ്പിംഗ് മേഖലയിലായിരുന്നു ആദ്യകാലങ്ങളിൽ ഇവയുടെ ശല്യം. ടാപ്പിംഗ് തൊഴിലാളികളെ ഇവ ആക്രമിക്കുന്നതും പതിവായി. കോവിഡ് കാലത്തിന് മുമ്പുതന്നെ റബർ തോട്ടങ്ങളിൽ ടാപ്പിംഗ് നിലച്ച അവസ്ഥയിലായി.
അതോടെ തോട്ടങ്ങളിൽ കാടുവളർന്നു. കൂട്ടമായി കാടുവിട്ടിറങ്ങിയ പന്നികൾ റബർത്തോട്ടങ്ങളിലെ കുറ്റിക്കാടുകളിൽ പതി യിരിക്കാൻ തുടങ്ങി. രാവിൽ സമീപത്തുള്ള കൃഷിയിടങ്ങളിൽ തേർവാഴ്ച നടത്തിയ ശേഷം അവ തോട്ടങ്ങളിലെ കാടുകളിലെത്തി പതിയിരിക്കുക ശീലമാക്കി.
2018ലെ പ്രളയകാലത്ത് ഒട്ടുമിക്ക സ്ഥലങ്ങളിലും വെള്ളം കയറിയതോടെ കാട്ടുപന്നികളും വ്യാപകമായി വെള്ളത്തിലൂടെ ഒഴുകിപ്പോയി. ജീവൻ നഷ്ടപ്പെടാതെ ഇവ പലയിടത്തും പിടിച്ചു കയറി. പടിഞ്ഞാറൻ മേഖലയിലടക്കം കാട്ടുപന്നികൾ എത്താൻ ഇതു കാരണമായി.
വിദൂരങ്ങളിലേക്ക്
റബറിന് വില കുറഞ്ഞതോടെ മരങ്ങൾ വെട്ടി വിൽക്കാൻ വൻകിട പ്ലാന്റേഷൻ കമ്പനികളും ചെറുകിട തോട്ടം ഉടമകളും തയാറായതോടെ സുരക്ഷിതമായ ഇടങ്ങൾ തേടി പന്നിക്കൂട്ടം പടിഞ്ഞാറേക്കുള്ള പ്രയാണം ആരംഭിച്ചു. പല പ്ലാന്റേഷൻ ഉടമകളും റബറിനു പകരം കൈത കൃഷി ആരംഭിച്ചത് കുറച്ചു കാലം കാട്ടുപന്നികൾക്ക് ആഹാരത്തിന് വകയൊരുക്കിയെങ്കിലും വൈദ്യുതി ഫെൻസിംഗും മറ്റ് പ്രതിരോധ മാർഗങ്ങളും പന്നികൾക്ക് ഭീഷണിയായി മാറി.
ഇതുമൂലമാണ് കിഴക്കൻ മേഖലയിൽ നിന്നും പുതിയ താവളങ്ങൾ തേടി ഇവ സഞ്ചരിച്ചു തുടങ്ങിയത്. ഇഷ്ടഭക്ഷണമായ കിഴങ്ങുവർഗങ്ങൾ കൃഷി ചെയ്തിരുന്ന മേഖലകളിലേക്ക് ഇവ ചേക്കേറുകയും ചെയ്തു.
റാന്നി, വെച്ചൂച്ചിറ , അത്തിക്കയം, പെരുന്നാട്, വള്ളിക്കോട്, കൊടുമൺ മുതലായ സ്ഥലങ്ങളിലെ ചെറുകിട, വൻകിട തോട്ടങ്ങളിൽ അഭയം തേടി. മാസങ്ങളോളം ഈ ഭാഗങ്ങളിൽ തമ്പടിച്ചപ്പോഴേക്കും ഇവയുടെ എണ്ണവും കൂടി. ഇതോടെ പന്നിക്കൂട്ടം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു.
തരിശായ വയലുകളും അഭയസ്ഥാനമായി
ഓരോ പ്രദേശത്തും പന്നിക്കൂട്ടം താവളമടിക്കുമ്പോഴും അവയിൽ ഒരു ഭാഗം സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് അവിടെ സ്ഥിരതാവളമാക്കുകയാണ് പതിവ്. എന്നാൽ മറ്റൊരു കൂട്ടം പുതിയ ഇടം തേടി പോകുന്നു. ഭക്ഷണ ലഭ്യതയാണ് പ്രധാന ആവശ്യം. മലനാട് ഇറങ്ങി ഓമല്ലൂർ, ഇലന്തൂർ, പുല്ലാട്, ആറന്മുള, മാലക്കര പോലുള്ള ഇടനാട്ടിൽ എത്തുന്ന പന്നിക്കട്ടങ്ങൾ അഭയം തേടുന്നത് കാടുപിടിച്ചു കിടക്കുന്ന വയലുകളിലാണ്.
തേറ്റ കൊണ്ട് കുഴികൾ ഉണ്ടാക്കി നേരേ പിറകോട്ട് ഇറങ്ങി പുറം ലോകം കാണാൻ പറ്റുന്ന തരത്തിലാണ് വിശ്രമം. രാത്രിയിൽ കുഴിയിൽനിന്നും പുറത്തിറങ്ങുന്ന പന്നി ക്കുട്ടം കൃഷയിടങ്ങളിലെത്തി സർവതും നശിപ്പിക്കുന്നു. ഇഞ്ചി, ചേന, കാച്ചിൽ തുടങ്ങിയവ പന്നി ആഹാരമാക്കില്ല. എന്നാൽ അവ കുത്തി നശിപ്പിക്കും. ഏത്തവാഴ, തെങ്ങ്, കമുക് തുടങ്ങിയവയുടെ തൈകളും വ്യാപകമായി നശിപ്പിക്കും. സമീപകാലത്ത് നെൽപ്പാടങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നതും കണ്ടുവരുന്നു.
സ്വൈരവിഹാരം പട്ടാപ്പകലും
രാത്രികാലങ്ങളിലുള്ള കാൽനടയാത്രയും ബൈക്ക് യാത്രയും ഒരേ പോലെ അപകടകരമാണ്. കാൽ നടയാത്രക്കാരെ കുത്തിവീഴ്ത്തുക പതിവാണ്. ബൈക്കിന് കുറുകെ ചാടുന്ന പന്നിക്കൂട്ടം യാത്രക്കാർക്കു വൻ അപകടങ്ങൾ വരുത്തിവയ്ക്കും. സമീപകാലത്തായി പകലും ഇവയുടെ ശല്യം യാത്രക്കാർക്കു നേരേ ഉണ്ടാകുന്നുണ്ട്. പന്നികൾ താവളമാക്കിയിട്ടുള്ള മേഖലകളിൽ പകൽ യാത്രയും ഭീഷണിയിലാണ്.
കാട്ടുപന്നികൾക്കൊപ്പം മുള്ളൻപന്നികളും നാട്ടിലിറങ്ങിയതോടെ ജനജീവിതം കൂടുതൽ ദുഃസഹമായി. നിരത്തുകളിൽ മുള്ളൻപന്നികളുടെ മുള്ളുകൾ പൊഴിഞ്ഞു കിടക്കുന്നത് സാധാരണ കാഴ്ചയാണ്. കൃഷിയിടങ്ങളിൽ മുള്ളൻപന്നികളും വൻ നാശമാണ് വരുത്തിവയ്ക്കുന്നത്. തൊഴുത്തുകളിലും തുറസായി കിടക്കുന്ന അടുപ്പുകളിലും പറമ്പിൽ തുറന്നിട്ട നിലയിലുള്ള ടോയ്ലറ്റുകളലും മുള്ളൻപ്പന്നികൾ താവളമാക്കാറുണ്ട്.
താവളം കണ്ടെത്തി നശിപ്പിക്കണം
കാട്ടുപന്നികളുടെ താവളം കണ്ടെത്തി ഒഴിപ്പിക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്. സമീപകാലത്ത് ചില പഞ്ചായത്ത് പ്രദേശങ്ങളിൽ കാടിളിക്കി നടത്തിയ പന്നിവേട്ട വിജയമായി. ശല്യക്കാരായ കാട്ടുപന്നികളെ വെടിവയ്ക്കാൻ സർക്കാർ നൽകിയിട്ടുള്ള അനുമതി പഞ്ചായത്തുകൾ യഥാവിധി പ്രയോജനപ്പെടുത്തണമെന്നാണ് കർഷകരുടെ ആവശ്യം.
ലൈസൻസുള്ള തോക്ക് ഉപയോഗിക്കുന്നവർക്ക് പന്നിയെ വെടിവയ്ക്കാനാകും. ഇവരുടെ സഹായത്തോടെ കാടിളക്കാൻ കൂട്ടയത്നം ആവശ്യമാണ്. കാടുപിടിച്ചു കിടക്കുന്ന വയലുകളും പറമ്പുകളും വെട്ടിത്തെളിക്കുകയാണ് മറ്റൊരു പ്രതിവിധി.