വയോധികയ്ക്കുനേരേ ബലാത്സംഗശ്രമം: എഴുപത്തിനാലുകാരന് പിടിയില്‍
1538800
Wednesday, April 2, 2025 3:36 AM IST
പത്തനംതിട്ട: രോഗബാധിതയായ വയോധികയെ പീഡിപ്പിക്കാനും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത കേസില്‍ എഴുപത്തിനാലുകാരന് പിടിയിലായി. കോന്നി വി. കോട്ടയം വകയാര്‍ കൊല്ലന്‍പടി മുകളുവിള വീട്ടില്‍ പൊടിയനാണ് (74) അറസ്റ്റിലായത്. സ്ത്രീകളോടു മോശമായി പെരുമാറിയതിനടക്കം ഇയാള്‍ക്കെതിരേ മുമ്പും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെ ഇവരുടെ വീട്ടില്‍ അതിക്രമിച്ചകയറിയ ഇയാൾ, കിടപ്പുരോഗിയായ വയോധികയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. മകള്‍ക്കൊപ്പമാണ് ഇവരുടെ താമസം. സംഭവസമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല.
ബഹളം കേട്ട് മകള്‍ ഓടിയെത്തിയപ്പോഴേക്കും പൊടിയന് രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം മൊഴിയെടുത്ത് പോലീസ് കേസെടുക്കുകയായിരുന്നു.
പോലീസ് ഇന്‍സ്പെക്ടര്‍ പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമാക്കിയ അന്വേഷണത്തില്‍ സംഭവശേഷം മുങ്ങിയ ഇയാളെ വകയാറില്‍ നിന്നും കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.