അടവി കുട്ടവഞ്ചിയിലൂടെ മികച്ച വരുമാനം; പക്ഷേ സൗകര്യങ്ങള്‍ കുറവ്
1538791
Wednesday, April 2, 2025 3:36 AM IST
കോന്നി: തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ മികച്ച വരുമാനം ലഭിക്കുമ്പോഴും അസൗകര്യങ്ങള്‍ ഏറുന്നു. വനംവകുപ്പിന്റെ കോന്നി വന വികാസ ഏജന്‍സിയുടെ കീഴിലുള്ള അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കുട്ടവഞ്ചി സവാരി ആരംഭിച്ചിട്ട് 10 വര്‍ഷം കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടില്ല.
അവധിക്കാലത്തെ ടിക്കറ്റ് വരുമാനം ഒരു ലക്ഷം രൂപയിലേറെ ആണ്. മധ്യവേനല്‍ അവധിക്കാലത്ത് എല്ലാദിവസവും നല്ല തിരക്കാണ് കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ അനുഭവപ്പെടുന്നത്. വേനലിലും ജലലഭ്യതയുള്ളതിനാല്‍ സവാരി മുടങ്ങാറില്ല.
പ്രവേശന കവാടത്തിനു സമീപം കിടങ്ങ് എടുക്കാത്തതിനാല്‍ കാട്ടുമൃഗങ്ങളില്‍നിന്ന് ഭീഷണി ഒഴിവാകുന്നില്ല. കോന്നി തണ്ണിത്തോട് റോഡില്‍ എത്തുന്ന സഞ്ചാരികള്‍ വഴിയറിയാതെ കിലോമീറ്ററോളം സഞ്ചരിച്ച് തണ്ണിത്തോട് മൂഴിയില്‍ എത്തിയ ശേഷം തിരികെ കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്ക് എത്തുകയാണ്.
മണ്ണീറ റോഡിന്റെ തുടക്കത്തിലായി മുണ്ടോംമൂഴിയില്‍ ബോര്‍ഡു പോലും സ്ഥാപിച്ചിട്ടില്ല. കുട്ടവഞ്ചി സവാരി കേന്ദ്രത്തിന്റെ ചുമതലയുള്ളവര്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ല. സഞ്ചാരികളില്‍ പലരും സവാരി നടത്താതെ നിരാശയോടെയാണ് മടങ്ങുന്നത്.
മാലിന്യങ്ങള്‍ അടിയുന്നു
മാലിന്യമുക്ത നാട്ടില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സവാരി കേന്ദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പ്രധാന തലവേദന. സവാരിയുടെ പ്രധാന കേന്ദ്രമായ നദിയിലാണ് പ്ലാസ്റ്റിക്കുകള്‍ അടിയുന്നത്. കല്ലാറ്റിലും തീരത്തും അടിയുന്ന മാലിന്യങ്ങള്‍ മുന്‍കാലങ്ങളില്‍ കുട്ടവഞ്ചി തുഴച്ചിലുകാര്‍ നീക്കം ചെയ്തിരുന്നു.
എപ്പോഴും അതുണ്ടാവാറില്ല. ഇത്രയേറെ സഞ്ചാരികളെത്തുന്ന കേന്ദ്രം ശുചിത്വ പരിപാലനത്തില്‍ വളരെ പിന്നിലാണ്. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥലമായതിനാല്‍ ഗ്രാമപഞ്ചായത്തിന്റെ ശുചീകരണ സംവിധാനങ്ങള്‍ ഇവിടേക്കു തിരിഞ്ഞു നോക്കാറില്ല.
പാര്‍ക്കിംഗ് സ്ഥലത്തെ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ സൂക്ഷിക്കുന്നതിനായി മുള ഉപയോഗിച്ച് നിര്‍മിച്ച സംവിധാനം പൊളിഞ്ഞിട്ടും കുപ്പികള്‍ നീക്കിയിട്ടില്ല.
അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ല
കുട്ടവഞ്ചി സവാരി ആരംഭിക്കുന്ന ഘട്ടത്തില്‍ ഒരുക്കിയ സംവിധാനങ്ങളാണ് ഇപ്പോഴുമുള്ളത്. കടവില്‍ ലൈഫ് ജാക്കറ്റ് സൂക്ഷിക്കുന്ന ഷെഡ് ചോരുകയാണ്. സ്ഥിരം ഷെഡ് നിര്മിക്കേണ്ടതിനു പകരം ഇടയ്ക്കിടെ താത്കാലിക ഷെഡ് നിര്‍മിക്കുകയാണ് പതിവെന്ന് പറയുന്നു.
വിശ്രമിക്കാനായി സവാരികേന്ദ്രത്തില്‍ വര്‍ഷം തോറും താത്കാലിക പന്തല്‍ ക്രമീകരിക്കുകയാണ്. കടവില്‍ സംരക്ഷണഭിത്തിയും പടികളും നിര്‍മിക്കാതെ, കടവില്‍നിന്ന് കുട്ടവഞ്ചിയിലേക്ക് കയറാന്‍ വര്‍ഷം തോറും മുളയുടെ ചങ്ങാടം ഒരുക്കുന്നു. അടുത്തിടെ കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് ചുറ്റുമുള്ള കിടങ്ങില്‍ കുറെ ഭാഗത്ത് മണ്ണ് കോരി നീക്കിയിരുന്നു.
റോഡിനോടു ചേര്‍ന്ന ഭാഗത്ത് കിടങ്ങ് കോരിയതോടെ ആ ഭാഗം ഇടിഞ്ഞ് റോഡിന് വീതി കുറഞ്ഞത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു.