പൈപ്പ് പൊട്ടല്‍, കുഴിതോണ്ടല്‍; നഗരത്തിനു ശാപം
1538805
Wednesday, April 2, 2025 3:48 AM IST
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിനു ശാപമായി പൈപ്പ് പൊട്ടലുകള്‍. തുടര്‍ച്ചയായ പെപ്പ് പൊട്ടലുകളും അതേത്തുടര്‍ന്നു രൂപപ്പെടുന്ന കുഴികളും ഗതാഗതതടസവുമെല്ലാം പത്തനംതിട്ടയ്ക്കു തീരാശാപമാണ്. രണ്ടുവര്‍ഷം മുമ്പ് നഗരമധ്യത്തിലൂടെയുള്ള പഴയ പൈപ്പുകള്‍ മാറ്റിയിട്ടെങ്കിലും പൈപ്പ് പൊട്ടലുകള്‍ക്ക് ഇപ്പോഴും കുറവില്ല.
നഗരത്തില്‍ നിന്നുള്ള താഴെവെട്ടിപ്രം-മൈലപ്ര റോഡിന്റെ വശത്താണ് ഇപ്പോള്‍ പൈപ്പ് പൊട്ടല്‍ സ്ഥിരമായിരിക്കുന്നത്. കഴിഞ്ഞയാഴ്ച കെഎസ്ആര്‍ടിസി ജംഗ്ഷനു തൊട്ടരികില്‍ പൊട്ടി. പൈപ്പ് പൊട്ടിയാല്‍ അതു ശരിയാക്കി റോഡ് പൂര്‍വസ്ഥിതിയിലെത്താന്‍ ആഴ്ചകളെടുക്കും.
താഴെവെട്ടിപ്രം റോഡിന്റെ വശത്തായി കുഴിയെടുത്ത് ജലഅഥോറിറ്റി പുതുതായി പിവിസി പൈപ്പുകള്‍ ഇട്ടെങ്കിലും എസ്പി ഓഫീസിന് സമീപവും ശബരിമല ഇടത്താവളത്തിനു സമീപവും വെള്ളം പമ്പ് ചെയ്തപ്പോള്‍ പുതിയ പൈപ്പുകള്‍ ഇട്ട ഭാഗത്ത് അവ പൊട്ടിക്കിടന്നിരുന്നു. അതിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചതിനുശേഷം മണ്ണിട്ട് കുഴികള്‍ നികത്തിയെങ്കിലും ഇവിടെ രണ്ടിടത്തും ടാറിംഗ് ഇളകി ഗതാഗതയോഗ്യമല്ലാതെ കിടക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി.
റോഡിനു പൊതുവേ വീതിക്കുറവുള്ള ഈ ഭാഗത്ത് വാഹനയാത്ര ഏറെ ബുദ്ധിമുട്ടിലാണ്. രാത്രി സമയങ്ങളില്‍ ഈ ഭാഗത്തെ വൈദ്യുതിവിളക്കുകളും മാസങ്ങളായി കത്തുന്നില്ല. റോഡില്‍ വെളിച്ചം ഇല്ലാത്തതിനാല്‍ ഇരുദിശയില്‍നിന്നും വരുന്ന ചെറിയതും വലിയതുമായ വാഹനങ്ങള്‍ തമ്മില്‍ കാണാന്‍ കഴിയാതെ യാത്രക്കാര്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയും വളരെയേറെയാണ്.
പത്തനംതിട്ടയില്‍നിന്നു മൈലപ്ര വഴി റാന്നി, വടശേരിക്കര, ചിറ്റാര്‍, പമ്പ, മുണ്ടുകോട്ടക്കല്‍, കടമ്മനിട്ട, നാരങ്ങാനം, കണമുക്ക് എന്നിവിടങ്ങളിലേയ്ക്കുള്ള മിക്ക വാഹനങ്ങളും ഇതുവഴിയാണ് കടന്നു പോകുന്നത്.