‘യേസ് ആൻഡ് നോ’ ലഹരി വിരുദ്ധ കാന്പയ്നു തുടക്കമായി
1537543
Saturday, March 29, 2025 3:32 AM IST
ചുങ്കപ്പാറ: സെന്റ് ജോർജസ് ഹൈസ്കൂളിന്റെ ലഹരി വിരുദ്ധ സന്ദേശയാത്രയും ജോർജിയൻ മികവുത്സവവും സംയുക്തമായി യേസ് ആൻഡ് നോ കാന്പയിൻ ആരംഭിച്ചു.രണ്ട് ദിവസം നീണ്ടുനിൽക്കുന്ന കാന്പയ്ന്റെ ഒന്നാം ദിനത്തിൽ ചാലാപ്പള്ളി, പെരുമ്പെട്ടി, ചുങ്കപ്പാറ ജംഗ്ഷനുകളിൽ പരിപാടികൾ നടത്തി. ചാലപ്പള്ളിയിൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കൂടത്തിൽ കാന്പെയ്ന്റെ ഉദ്ഘാടനം നിർവഹിച്ചു. പെരുമ്പെട്ടി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സജീഷ് കുമാർ ലഹരി വിരുദ്ധ സന്ദേശയാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
പുത്തൻ തലമുറയുടെ മികവുകൾക്ക് യെസ് പറയുക, ലഹരിയോട് എന്നും നോ പറയുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. തിരുവല്ല വിദ്യാഭ്യാസ ജില്ലാ ഓഫീസർ ഡി. ഷൈനി മുഖ്യ സന്ദേശം നൽകി. സ്കൂൾ ലോക്കൽ മാനേജർ ഫാ. എബി വടക്കുംതല, ഹെഡ്മാസ്റ്റർ വർഗീസ് ജോസഫ് എന്നിവർ നേതൃത്വം നൽകി. പെരുമ്പെട്ടി കവലയിൽ നടന്ന പരിപാടിയിലും, ചുങ്കപ്പാറ കവലയിൽ നടന്ന മൂന്നാമത്തെ പരിപാടിയിലും നിരവധി ജനപ്രതിനിധികളും വ്യാപാരസംഘടന പ്രതിനിധികളും പങ്കുചേർന്നു.
കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കവിത ദൃശ്യാവിഷ്കാരം, ലഹരിവിരുദ്ധ സന്ദേശം, ലഹരി വിരുദ്ധ ഫ്ലാഷ് മോബ്, ജോർജിയൻ മികവിന്റെ ഓട്ടൻതുള്ളൽ, ജിയോജിയ ചാറ്റ് ബോട്ടുകളുടെ അവതരണം എന്നിവ നടന്നു.
രണ്ടാം ദിനത്തിൽ വായ്പൂര്, കോട്ടാങ്ങൽ, ആലപ്ര എന്നീ സ്ഥലങ്ങളിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര എത്തിച്ചേരും. വായ്പൂര് നടക്കുന്ന രണ്ടാം ദിനത്തിന്റെ ഉദ്ഘാടനം കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് നിർവഹിക്കും. സമാപന സന്ദേശം ആലപ്രയിൽ തിരുവല്ല അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു പനക്കുളം നൽകും.