ചരിത്രത്തെ രാഷ്ട്രീയ ആയുധമാക്കുന്നു: മന്ത്രി രാജേഷ്
1537538
Saturday, March 29, 2025 3:32 AM IST
പത്തനംതിട്ട: ചരിത്രം വളച്ചൊടിച്ച് ഒറ്റുകാരെ വീരനായകരാക്കുന്പോൾ യഥാർഥ വീരനായകൻമാർ തമസ്കരിക്കപ്പെടുമെന്ന് മന്ത്രി എം.ബി. രാജേഷ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ പുറത്തിറക്കിയ വിജ്ഞാനീയം ഗ്രന്ഥത്തിന്റെ പ്രകാശനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തെ രാഷ്ട്രീയ ആയുധമാക്കുന്നതിനോടു യോജിക്കാനാകില്ല. ശരിയായ ചരിത്രം കണ്ടെത്തണം. ചരിത്രം സൃഷ്ടിക്കുന്നത് സാധാരണക്കാരായ മനുഷ്യരാണ്. അവരുടെ ഓരോ വാക്കിനും ചരിത്രത്തിൽ വിലയുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധികളെ നേരിടാനുള്ള കഴിവും മുന്നേറാനുള്ള ഊർജവും ചരിത്രാവബോധത്തിലൂടെയുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റും വിജ്ഞാനീയം എഡിറ്ററുമായ ഓമല്ലൂർ ശങ്കരൻ ആമുഖപ്രഭാഷണം നടത്തി.
പത്തനംതിട്ട നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ, മുൻ എംഎൽഎ രാജു ഏബ്രഹാം, ഡോ.എഴുമറ്റൂർ രാജരാജവർമ, ഡോ.അലക്സാണ്ടർ ജേക്കബ്, ഡോ. വർഗീസ് ജോർജ്, ഫാ.ഡോ. തോമസ് കുഴിനാപ്പുറത്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ആർ. അജകുമാർ, ജിജി മാത്യു,
സി.കെ. ലതാകുമാരി, മുൻ പ്രസിഡന്റ് രാജി പി. രാജപ്പൻ, അംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ രാജു നെടുവംപുറം, ഏബ്രഹാം വാഴയിൽ, മുഹമ്മദ് സാലി, ഷാഹുൽ ഹമീദ്, നിസാർ നൂർമഹൽ തുടങ്ങിയവർ പ്രസംഗിച്ചു.