നാരങ്ങാനം വില്ലേജ് ഓഫീസർ അവധിയിൽ
1537537
Saturday, March 29, 2025 3:32 AM IST
പത്തനംതിട്ട: സിപിഎം നേതാക്കളുടെ നിരന്തര ഭീഷണിയേ തുടര്‍ന്ന് നാരങ്ങാനം വില്ലേജ് ഓഫീസര്‍ അവധിയില്‍ പ്രവേശിച്ചു. രണ്ടുദിവസത്തെ അവധിയാണ് ജില്ലാ കളക്ടർ അനുവദിച്ചിരിക്കുന്നത്. സ്ഥലംമാറ്റം ആവശ്യപ്പെട്ടും വില്ലേജ് ഓഫീസർ കളക്ടർക്ക് കത്തു നൽകി. എന്നാൽ സ്ഥലംമാറ്റ നടപടിയിൽ തീരുമാനമെടുക്കേണ്ടത് റവന്യു സെക്രട്ടറിയാണെന്ന് ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ പറഞ്ഞു.
രണ്ട് ദിവസത്തെ അവധി അദ്ദേഹത്തിന് അനുവദിച്ചതായും കളക്ടർ അറിയിച്ചു. സംഭവത്തെതുടർന്ന് വ്യാഴാഴ്ച രാവിലെ തന്നെ വന്നു കണ്ട വില്ലേജ് ഓഫീസർ പരാതി ഇല്ലെന്ന് ആദ്യം പറഞ്ഞിരുന്നു. എന്നാൽ വീണ്ടും ഭീഷണി വന്നെന്ന പേരിൽ ഉച്ചയോടെ ഓഫീസിലെത്തി, പരാതി നൽകി. പരാതി ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. വില്ലേജ് ഓഫീസറെ വിളിച്ച ഫോൺ നമ്പർ കണ്ടെത്തി നടപടിയെടുക്കാനും ആവശ്യപ്പെട്ടതായി കളക്ടർ പറഞ്ഞു.
വീടിന്റെ കെട്ടിട നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട നാരങ്ങാനം വില്ലേജ് ഓഫീസര്‍ ജോര്‍ജ് ജോസഫിനെ സിപിഎം ഏരിയാ സെക്രട്ടറി എം.വി. സഞ്ജു അസഭ്യം പറയുകയും ഓഫീസില്‍ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനു പിന്നാലെ ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നിരന്തരം ഭീഷണികളുണ്ടായെന്ന പരാതിയുണ്ടായത്.
വില്ലേജ് ഓഫീസർക്കെതിരേ അന്വേഷണം ഉണ്ടെന്ന് കളക്ടർ
നാരങ്ങാനം വില്ലേജ് ഓഫീസറായിരുന്ന ജോസഫ് ജോർജ് അങ്ങാടിക്കലിൽ പ്രവർത്തിച്ചുകൊണ്ടിരിക്കേ ഉയർന്ന പരാതിയിൽ വകുപ്പുതല നടപടിയെന്ന നിലയിൽ സസ്പെൻഷൻ നേരിട്ടിരുന്നുവെന്ന് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ.
അന്വേഷണത്തിനിടെ ആർഡിഒയോടു മോശമായി പെരുമാറിയെന്ന പേരിലും ആക്ഷേപമുണ്ടായി. ആർഡിഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്ന് നടപടി ഉണ്ടായത്. വില്ലേജ് ഓഫീസർ കുറ്റക്കാരനാണോ എന്നറിയാൻ അന്വേഷണം പൂർത്തിയാകേണ്ടതുണ്ടെന്നും കളക്ടർ പറഞ്ഞു.