കുടിവെള്ളത്തിലും കോളിഫോം സാന്നിധ്യം : മാലിന്യ സംസ്കരണ പ്ലാന്റുകൾ ഉണ്ടാകണമെന്ന് ശില്പശാല
1537536
Saturday, March 29, 2025 3:32 AM IST
പത്തനംതിട്ട: ശുദ്ധവായു, പ്രകൃതി രമണീയമായ സ്ഥലങ്ങൾ, കാലാവസ്ഥയും അനുകൂലം... പക്ഷേ കുടിവെള്ളത്തിൽ 80 ശതമാനവും ഇ കോളിയാൽ മലിനം. പത്തനംതിട്ടയിലെ പത്തു കിണറുകൾ പരിശോധിച്ചാൽ എട്ടിലെ വെള്ളവും കുടിക്കാൻ യോഗ്യമായിരിക്കില്ലെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമാണ് പ്രധാന കാരണം.
ജില്ലയ്ക്ക് സ്വന്തമായി മാലിന്യ സംസ്കരണ പ്ലാന്റ് നിർമിക്കാൻ ഇനിയും വൈകിയാൽ വലിയ ദുരന്തമായി മാറുമെന്നും അവർ മുന്നറിയിപ്പ് നൽകി. മാലിന്യ സംസ്കരണ പ്ലാന്റിനെതിരേ പ്രാദേശികമായി ഉയരുന്ന ജനകീയ പ്രതിഷേധവും ആശങ്കയും പരിഗണിക്കപ്പെടണം. ഒപ്പം ഓരോ പ്ലാന്റിന്റെയും ശാസ്ത്രീയാടിത്തറ കൂടി വിശദമാക്കണം. ഇക്കാര്യങ്ങൾ ജനങ്ങളെ ബോധവത്കരിക്കുന്നതിനായിരിക്കണം പ്രഥമ പ്രാധാന്യം നൽകേണ്ടതെന്ന് ശില്പശാലയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
മറ്റ് ജില്ലകളിലെ ജനങ്ങൾ മാലിന്യ സംസ്കരണ പ്ലാന്റിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് സഹകരിക്കുന്നുണ്ട്. പ്രതിഷേധത്തിന്റെ പേരിൽ മാറ്റിവയ്ക്കാനും ഉപേക്ഷിക്കാനും കഴിയുന്നതല്ല മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണം. ശൗചലായ മാലിന്യ സംസ്കരണമാണ് ജില്ല നേരിടുന്ന പ്രധാന വെല്ലുവിളി. റോഡുവക്കിലും കനാലുകളിലുമൊക്കെ ഇവ ഒഴുക്കുന്ന സാഹചര്യമാണ്. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരേ പ്രതിഷേധം ഉയരാറുണ്ട്.
ജില്ലയിലെ ഭൂഗർഭ ജല സ്രോതസുകളിലും കുഴൽ കിണറുകളിലും മനുഷ്യ മാലിന്യത്തിലെ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണ്. പ്രതിദിനം ഒന്നര ലക്ഷം ടൺ കക്കൂസ് മാലിന്യമാണ് ജില്ലയിൽ ശേഖരിക്കുന്നത്. ഇത് എവിടെ തള്ളുന്നുവെന്നത് എല്ലാവരും ചിന്തിക്കേണ്ടതാണ്.
ഡയപ്പർ മാലിന്യമാണ് ജില്ല നേരിടുന്ന മറ്റൊരു പ്രശ്നം. പ്രതിദിനം എട്ട് ടൺ ഡയപ്പറുകളാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഉപയോഗ ശേഷം തള്ളുന്നത്. ഇതിൽ ഭൂരിഭാഗവും കാടുവളർന്ന സ്ഥലങ്ങളിലും കനാൽ, തോട് വശങ്ങളിലുമാണ് തള്ളുന്നത്. നദികളിൽ വെള്ളമൊഴുക്ക് തടസപ്പെടുത്തി ഡയപ്പർ മാലിന്യങ്ങൾ അടിഞ്ഞ സംഭവങ്ങൾ വരെയുണ്ടായിട്ടുണ്ട്.
പഞ്ചായത്ത് റോഡരികുകളിൽ വളർന്നു നിൽക്കുന്ന കുറ്റിക്കാടുകൾ ഇത്തരം മാലിന്യങ്ങൾ തള്ളുന്ന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. മാലിന്യ ശേഖരണ, സംസ്കരണ രംഗങ്ങളിലെ പോരായ്മകൾ ശില്പശാലയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. ആഘോഷച്ചടങ്ങുകളിലെ വെൽക്കം ഡ്രിങ്കുകളിലും മറ്റ് ശീതള പാനീയങ്ങളിലും കോളി ബാക്ടീരിയയുടെ അളവ് കൂടുതലാണെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
കൊടുമണ്ണിലെ പ്ലാന്റ് ജനങ്ങളെ ബാധിക്കില്ലെന്ന് ശുചിത്വ മിഷൻ
കൊടുമണ്ണിൽ ശൗചാലയ മാലിന്യ സംസ്കരണ പ്ലാന്റിനു കണ്ടെത്തിയ സ്ഥലം ജനങ്ങളെ ബാധിക്കുന്നതല്ലെന്ന് ശുചിത്വമിഷൻ ജില്ലാ മിഷൻ കോഓർഡിനേറ്റർ നിഫി എസ്. ഹക്ക് അറിയിച്ചു.
പാട്ടക്കാലാവധി കഴിഞ്ഞ കൊടുമൺ പ്ലാന്റേഷനിൽ 515 ഹെക്ടർ സ്ഥലമുണ്ട്. ജനവാസമില്ലാത്ത പ്രദേശമാണിവിടം. പ്ലാന്റ് നിർമിക്കാൻ 65 ഹെക്ടർ സ്ഥലം മതിയാകും.
ഒരു തരത്തിലും മലിനീകരണ പ്രശ്നമുണ്ടാക്കാത്ത സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ആവശ്യമായ ഫണ്ട് ശുചിത്വമിഷൻ വകയിരുത്തിയിട്ടുണ്ട്. പ്രദേശിക എതിർപ്പുകളുയർന്നത് തെറ്റിധാരണ മൂലമാണ്. തിരുവനന്തപുരത്തും എറണാകുളത്തും വയനാട്ടിലും പ്ലാന്റ് നിർമിച്ചു. ആലപ്പുഴയിലും പ്ലാന്റിന് അനുമതിയായിട്ടുണ്ട്.
മാധ്യമ ശില്പശാല
ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ കേരള പത്രപ്രവർത്തക യൂണിയന്റെയും പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെയും സഹകരണത്തോടെ മാലിന്യ മുക്തം നവകേരളം- ജനകീയ കാന്പിന്റെ ഭാഗമായി ജില്ലാതല മാധ്യമ ശില്പശാല നടത്തി. പത്തനംതിട്ട ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടന്ന ഹൈജിയ 2കെ25 ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. കളക്ടർ എസ്. പ്രേംകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.
മാലിന്യ സംസ്കരണ പ്ലാന്റുകളുടെ അഭാവം ജില്ലയുടെ ശുചിത്വ രംഗത്ത് വെല്ലുവിളിയാകുന്നുണ്ടെന്ന് കളക്ടർ ചൂണ്ടിക്കാട്ടി. ശാസ്ത്രീയാടിസ്ഥാനത്തിൽ നിർമിക്കപ്പെടുന്ന പ്ലാന്റുകളെ പിന്തുണയ്ക്കാൻ പൊതുസമൂഹം തയാറാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പത്തനംതിട്ട പ്രസ്ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലയുടെ ശുചിത്വ ഫൈൽ, മാലിന്യ മുക്തം നവകേരളം- ജനകീയ കാന്പെയിൻ, വൃത്തി 2025 ക്ലീൻ കേരള കോൺക്ലേവ് എന്നിവയെ അടിസ്ഥാനപ്പെടുത്തിയുളള വിഷയാവതരണങ്ങൾ നടത്തി.
ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ നിഫി എസ്. ഹക്ക്, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എ.എസ്. നൈസാം, മാലിന്യ മുക്തം നവകേരളം കോ ഓർഡിനേറ്റർ ആർ. അജിത് കുമാർ, ആദർശ് പി. കുമാർ, പ്രസ്ക്ലബ് സെക്രട്ടറി ജി. വിശാഖൻ, എസ്. അനൂപ് തുടങ്ങിയവർ പ്രസംഗിച്ചു.
സ്വച്ഛ് ഭാരത് മിഷൻ അക്കാഡമി വേസ്റ്റ് മാനേജ്മെന്റ് സർട്ടിഫിക്കേഷൻ നേടിയ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺമാരെ ചടങ്ങിൽ കളക്ടർ ആദരിച്ചു.