കലഞ്ഞൂരിലെ എടിഎമ്മില്‍ കവര്‍ച്ചാശ്രമം; യുവാവ് അറസ്റ്റിൽ
1537233
Friday, March 28, 2025 3:04 AM IST
കലഞ്ഞൂര്‍: കലഞ്ഞൂര്‍ ഗവ. എച്ച്എസ്എസിനു സമീപമുള്ള കേരള ഗ്രാമീൺ ബാങ്ക് എടിഎമ്മില്‍ കയറി മോഷണ ശ്രമം നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു.കൂടല്‍ കൊന്നേലയ്യം ഈട്ടിവിളയില്‍ വടക്കേതില്‍ പ്രവീണിനെയാണ് (21)) വീട്ടില്‍ നിന്നും പിടികൂടിയത്. കഴിഞ്ഞ രാത്രി 12 ഓടെയാണ് സംഭവം. കൗണ്ടറിനുള്ളില്‍ കടന്ന ഇയാൾ എടിഎം മെഷീന് തകർത്ത് കവർച്ചയ്ക്കു ശ്രമിക്കുകയായിരുന്നു.
എന്നാല്‍ ഇതേസമയം അലാറം പ്രവര്‍ത്തിച്ചതോടെ ബാങ്ക് അധികൃതര്‍ വിവരം അറിഞ്ഞു. ശ്രമം ഉപേക്ഷിച്ചു മോഷ്ടാവ് സ്ഥലം വിട്ടു. സിസി ടിവി യില്‍ ഇയാളുടെ മുഖം പതിഞ്ഞിരുന്നു. പ്രവീണിനെ അറസ്റ്റു ചെയ്ത പോലീസ് സംഘം കവര്‍ച്ചാശ്രമത്തിനും, പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തു. രണ്ട് വര്‍ഷം മുമ്പ് കലഞ്ഞൂര്‍ ജിഎച്ച് എസ്എസിൽ അതിക്രമിച്ചു കയറി ക്ലാസ് മുറികളുടെയും എന്‍സിസി മുറികളുടെയും ജനലുകളും, സ്കൂള്‍ പരിസരത്തുണ്ടായിരുന്ന കാറുകളുടെയും കടകളുടെയും ഗ്ലാസുകളും സിസി ടിവി കളും നശിപ്പിച്ച കേസില്‍ പ്രതിയാണ് ഇയാൾ.
ബാങ്കിന്റെ ശാഖയോട് ചേര്‍ന്നുതന്നെയാണ് എടിഎം കൗണ്ടർ. സുരക്ഷാ ചുമതലയുള്ള ഏജന്‍സി, അലാറം മുഴങ്ങിയപ്പോള്‍ തന്നെ, മാനേജര്‍ കൊല്ലം തൊടിയൂര്‍ സ്വദേശി ജെനു ജാസിനെ വിളിച്ചറിയിച്ചു. ഒപ്പം പോലീസ് സ്റ്റേഷനിലും അറിയിച്ചു. കോന്നി ഡിവൈഎസ്പി ടി.രാജപ്പന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ സി. എൽ. സുധീറാണ് അന്വേഷണം നടത്തുന്നത്