ദേശീയ ഗ്രാമീണ തൊഴിലുറപ്പ്: തൊഴിൽദിനങ്ങളിൽ കുറവ്
1537232
Friday, March 28, 2025 3:04 AM IST
പത്തനംതിട്ട: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ പറക്കോട്, റാന്നി, പന്തളം, കോന്നി ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുന്നതിൽ പിന്നാക്കം പോയതായി വിലയിരുത്തൽ. തൊഴിൽ ദിനങ്ങൾ കുറവുള്ള ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളില്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍ പ്രത്യേക ഇടപെടല്‍ നടത്തണമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണൻ നിര്‍ദേശിച്ചു.
ഏപ്രില്‍ ഒന്നിന് എല്ലാ വാര്‍ഡുകളിലും പ്രവൃത്തികള്‍ ആരംഭിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. സംസ്ഥാന തൊഴിലുറപ്പു മിഷന് "നമ്മുടെ ഗ്രാമം' പേരില്‍ സുസ്ഥിര വികസനത്തിന് പദ്ധതി തയാറാക്കിയിട്ടുണ്ടെങ്കിലും ആവശ്യമായ എണ്ണം പ്രവൃത്തികള്‍ കണ്ടെത്താന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ വിലയിരുത്തി.
ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുന്നതിനാവശ്യമായ കിണര്‍ റീചാര്‍ജ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കണം. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് പദ്ധതി രൂപീകരിക്കണം. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പരമാവധി 200 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കാന്‍ കോന്നി, റാന്നി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്കി.