ബൈക്കിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞ് മർദനം; ഒരാൾ പിടിയിൽ
1537230
Friday, March 28, 2025 3:04 AM IST
കൂടൽ: കലഞ്ഞൂർ ഒന്നാം കുറ്റിയിൽ കാർ യാത്രികനെ ബൈക്കിലെത്തി തടഞ്ഞു മർദിച്ച യുവാവിനെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. കലഞ്ഞൂർ കാലായിൽ ആറ്റൂർ ഭാഗം നന്ദനം വീട്ടിൽ അഭിനന്ദാണ് ( 24) പിടിയിലായത്.
മാങ്കോട് മണക്കാട്ടുപുഴ തെക്കേക്കര പുത്തൻ വീട്ടിൽ എം.ഐ.ഇബ്നൂസി(63)നാണ് യുവാവിന്റെ മർദനമേറ്റത്. പത്തനാപുരത്തേക്ക് കാർ ഓടിച്ചുപോയ ഇദ്ദേഹത്തെ സൈഡ് കൊടുത്തില്ല എന്നാരോപിച്ച് ഒന്നാം കുറ്റിയിൽ ബൈക്ക് മുന്നിൽ കയറ്റി വഴിതടഞ്ഞു മർദിക്കുകയായിരുന്നു.
സമീപത്തുള്ളവർ ഓടിക്കൂടിയപ്പോഴാണ് ഇയാൾ മർദനം നിർത്തിയത്. സെൻട്രൽ വെയർഹൗസിംഗ് കോർപറേഷനിൽ നിന്നും വിരമിച്ച ഇബ്നൂസ് മുൻ സൈനികനുമാണ്. എസ്ഐ ആർ. അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇബ്നൂസിനെ പിടികൂടിയത്.