വയോജനങ്ങള്‍ക്ക് കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പകല്‍വീട്
1537224
Friday, March 28, 2025 3:01 AM IST
കോന്നി: വയോജനങ്ങള്‍ക്ക് തണലൊരുക്കി കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പകല്‍വീട്. വീടുകളിലെ ഏകാന്തതയുടെ മോചനമാണ് പകല്‍വീട്. വയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് പകല്‍വീട് ആരംഭിച്ചത്. അറുപതു വയസിനു മുകളിലുള്ളവര്‍ക്കാണ് പ്രവേശനം. രാവിലെ പത്തിന് പകല്‍വീട് ഉണരും.
കളിയും ചിരിയും സന്തോഷവും പങ്കിട്ട് ഒരു കൂട്ടം വയോജനങ്ങള്‍ പകല്‍ മുഴുവന്‍ ആസ്വദിക്കും. കുടുംബശ്രീയുമായി ചേര്‍ന്ന് രാവിലെയും വൈകുന്നേരവും ചായയും ലഘു ഭക്ഷണവും ഉച്ചയൂണും നല്കുന്നു. പാചകത്തിൽ വയോധികർക്ക് സഹായിക്കാനുമാകും. എല്ലാ ആഴ്ചയും മീനും ചിക്കനും ഉറപ്പ്. 88 അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദിവസവും 30 പേരില്‍ കുറയാതെ എത്തും. കൂട്ടത്തിലെ മുതിര്‍ന്നയാള്‍ക്ക് 87 വയസ്.
ടെലിവിഷൻ, ദിനപത്രം എന്നിവ ഒരുക്കിയിട്ടുണ്ട്. ഉണര്‍വോടുകൂടി ദിനം വരവേല്‍ക്കാന്‍ യോഗാ പരിശീലനം നല്കുന്നു. പ്രമാടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറിന്റെ സേവനം എല്ലാ മാസവും ലഭ്യം.
വനിതാ-ശിശുവികസന വകുപ്പുമായി ചേര്‍ന്ന് മാനസിക, ശാരീരിക പിരിമുറുക്കങ്ങളില്‍ നിന്ന് മോചനത്തിനായി ബോധവത്കരണ ക്ലാസുകളും പ്രതിരോധ മെഡിക്കല്‍ ക്യാമ്പുകളും ക്രമീകരിച്ചിട്ടുണ്ട്. തൊഴില്‍ അധിഷ്ഠിത കവര്‍ നിര്‍മാണ ക്ലാസുകളില്‍ ഉത്സാഹമുള്ള വിദ്യാർഥികളാണ് വയോജനങ്ങളെന്ന് പകല്‍വീടിന്റെ ചുമതല വഹിക്കുന്ന ഷൈനി കെ. ജോര്‍ജ് പറഞ്ഞു.
പകല്‍വീടിനായി പയർ, പാവല്‍, മുളക് , തക്കാളി ഉള്‍പ്പെട്ട അടുക്കളത്തോട്ടവും അംഗങ്ങ ള്‍ ഒരുക്കിയിട്ടുണ്ട്. വിത്തുകളും ഗ്രോ ബാഗുകളും കൃഷിഭവനില്‍നിന്നു ലഭിച്ചു.
ജീവിതസായാഹ്നത്തില്‍ സുഖദു:ഖങ്ങള്‍ പങ്കുവയ്ക്കാനാകാതെ ഏകാന്തത അനുഭവിക്കുന്നവര്‍ക്കുള്ള ആശ്വാസമാണ് പകല്‍വീട്. മുതിര്‍ന്നവരുടെ അനുഭവസമ്പത്തും അറിവും പ്രയോജനപ്പെടുത്തുന്നതിനൊപ്പം ഇവരെ സ്നേഹിക്കാനും ആദരിക്കാനുമാണ് പകല്‍ വീട് തയാറാക്കിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. അമ്പിളി പറഞ്ഞു.