ആർഡിഡി വി.കെ. അശോക് കുമാർ വിരമിക്കുന്നു
1537223
Friday, March 28, 2025 3:01 AM IST
പത്തനംതിട്ട: പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ ഹയർ സെക്കൻഡറി വിഭാഗം തലവൻ റീജണൽ ഡെപ്യൂട്ടി ഡയറക്ടർ വി.കെ. അശോക് കുമാർ 37 വർഷത്തെ സർക്കാർ സർവീസിനു ശേഷം 31ന് വിരമിക്കുന്നു. ഡിഗ്രി വിദ്യാർഥി ആയിരിക്കുമ്പോൾ തന്നെ ഹിന്ദി അധ്യാപകനായി സർക്കാർ സർവീസിൽ പ്രവേശിച്ച അശോക് കുമാർ 1997 മുതൽ 2009 വരെ ഹയർ സെക്കൻഡറി അധ്യാപകനായിരുന്നു.
2009 മുതൽ 2022 വരെ എറണാകുളം, ആലപ്പുഴ,കോട്ടയം ജില്ലകളിലെ വിവിധ സ്കൂളുകളിൽ ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പലായും 2022 മുതൽ ചെങ്ങന്നൂർ ആർഡിഡി ആയും ഇടക്കാലത്ത് തിരുവനന്തപുരം ആര്‍ഡിഡി ആയും പ്രവർത്തിച്ചതിനുശേഷമാണ് സർവീസിൽനിന്നു വിരമിക്കുന്നത്.
ഹയർ സെക്കൻഡറി വിഭാഗം അധ്യാപകനായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച കാലഘട്ടത്തിൽ വിജയശതമാനം ഉയർത്തുന്നതിലും സൗഹൃദ, കരിയർ ഗൈഡൻസ് തുടങ്ങിയ സംഘടനകളുടെ സജീവ പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിന്നിരുന്നു. 2022 ൽ ചെങ്ങന്നൂർ മേഖലാ (പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ) ഡെപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റ ശേഷം ജില്ലകളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും വിജയശതമാനത്തിൽ പിന്നിലായിരുന്ന പത്തനംതിട്ട ജില്ലയുടെ പ്ലസ്ടു ഫലം മെച്ചപ്പെടുത്തുന്നതിനും സ്കൂളുകളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു പ്രത്യേക പഠന- പ്രോത്സാഹന പരിപാടികള്‍ ആസൂത്രണം ചെയ്തു .
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ പ്രധാന പദ്ധതിയായ ഉന്നതിയിലൂടെ വിദ്യാഭ്യാസത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും അവർക്ക് പ്രത്യേക പരിശീലനം നൽകുന്നതിന് കർമപദ്ധതികൾ ആവിഷ്കരിക്കുകയും അതിലൂടെ ഹയർ സെക്കൻഡറി തലത്തിൽ പത്തനംതിട്ട, ജില്ലയുടെ വിജയശതമാനം വർധിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുകയും ചെയ്തു.
കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയാണ് വി.കെ.അശോക് കുമാർ. മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ അടുത്ത ബന്ധുവും കോട്ടയം വിദ്യാഭ്യാസ ജില്ലാഓഫീസറുമായ എം.ആർ. സുനിമോളാണ് ഭാര്യ. മക്കളായ ഗായത്രിയും ഗോപീകൃഷ്ണനും വിദ്യാര്‍ഥികളാണ്.