കൊടി അഴിച്ച മുനിസിപ്പൽ ജീവനക്കാരന് സിഐടിയു നേതാക്കളുടെ മർദനം
1536792
Thursday, March 27, 2025 3:46 AM IST
പത്തനംതിട്ട: ചട്ടം ലംഘിച്ച് പത്തനംതിട്ട നഗരത്തിൽ കെട്ടിയ സിഐടിയുവിന്റെ കൊടി അഴിച്ച നഗരസഭ ജീവനക്കാരനു മർദനമേറ്റതായി പരാതി. അഴിച്ച കൊടികൾ ജീവനക്കാരനെ കൊണ്ടു സിഐടിയു നേതാക്കൾ തിരിച്ചു കെട്ടിക്കുകയും ചെയ്തു.
സിഐടിയു ജില്ലാ ഓഫീസ് നിർമാണോദ്ഘാടനവുമായി ബന്ധപ്പെട്ട സമ്മേളനം നടക്കുന്ന ടൗൺ സ്ക്വയർ ഭാഗത്തു കെട്ടിയ കൊടികളാണ് പരാതികളേ തുടർന്ന് അഴിച്ചുമാറ്റിയത്. പൊതു ഇടത്തിൽ കൊടി കെട്ടിയതിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചാരണം വന്നതിനു പിന്നാലെ ഇത് അഴിച്ചുമാറ്റാൻ നഗരസഭ സെക്രട്ടറി ശുചീകരണ വിഭാഗം ജീവനക്കാരോടു നിർദേശിക്കുകയായിരുന്നു.
ശുചീകരണ വിഭാഗത്തിലെ കേശവനാണ് മർദനമേറ്റത്. നഗരത്തിലെ പ്രമുഖ സിഐടിയു നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മർദനം. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് സംഭവം. സിഐടിയു യൂണിയനിൽപ്പെട്ട തൊഴിലാളികളും റവന്യൂവിഭാഗം ജീവനക്കാരും കേശവനൊപ്പം ഉണ്ടായിരുന്നു. കേശവൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സെക്രട്ടറിക്ക് പരാതിയും നൽകി. സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധിച്ചു.