സുജിത്തിന്റെ കൃഷിയിടത്തില്‍ ഇതു പൂക്കാലം
1451873
Monday, September 9, 2024 5:43 AM IST
റാന്നി: പൂവിളി ഉയരുകയായി; അത്തം പിറന്നതിനു പിന്നാലെ സുജിത്തിന്റെ പൂന്തോട്ടത്തിലേക്ക് എത്തുന്നവര്‍ നിരവധിയാണ്. നാട്ടുകാര്‍ക്ക് ഓണപ്പൂക്കളമൊരുക്കാന്‍ തോട്ടത്തില്‍ നിറയെ പൂക്കള്‍ വിരിഞ്ഞതിന്റെ ആത്മസന്തോഷം അത്തിക്കയം പൊന്നമ്പാറ കിഴക്കേച്ചെരുവില്‍ സുജിത്തിന്റെ മുഖത്ത് കാണാനുണ്ട്. വര്ണപ്രപഞ്ചത്തില്നിന്നുള്ള ആദായം സമൂഹത്തില്‍ അര്‍ഹരായവര്‍ക്കായി വിനിയോഗിക്കുമ്പോള്‍ ആഹ്ലാദം ഇരട്ടിയാകുന്നു.
മുക്കട-ഇടമണ്‍-അത്തിക്കയം എംഎല്‍എ റോഡരികിലെ തന്റെ വീടിനോടു ചേര്‍ന്ന് ചെണ്ടുമല്ലി പൂക്കളുടെ മനോഹരമായ തോട്ടമാണ് സുജിത്ത് ഒരുക്കിയിരിക്കുന്നത്. 200ലേറെ വരുന്ന ഹൈബ്രിഡ് ചെടികളില്‍ താരത്യമേന ഭംഗിയേറിയ വലിയ പുഷ്പങ്ങളാണുള്ളത്. കൃഷി ചെയ്തു തന്നെയാണ് ഇത്തവണ പൂന്തോട്ടം വളര്‍ത്തിയത്. ന്യായവിലയ്ക്ക് നാടന്‍ പൂക്കള്‍ ഓണക്കാലത്ത് ലഭ്യമാക്കുകയെന്നതായിരുന്നു ലക്ഷ്യം. മലയാളിക്ക് പൂക്കളമൊരുക്കാന് തമിഴ്നാട്ടില്‍നിന്നു പൂക്കള്‍ എത്തിക്കുന്ന കാലഘട്ടത്തില്‍ നാട്ടില്‍തന്നെ ഇവ ഉത്പാദിപ്പിക്കാമെന്നു കാണിച്ചുകൊടുക്കുകയാണ് ഇത്തവണ സുജിത്തിനെപ്പോലെ പല കര്‍ഷകരും.
ഇടമഴ ലഭിച്ചത് കൃഷിക്ക് ഏറെ അനുഗ്രഹമായി. തോട്ടത്തില്‍ കിലോഗ്രാമിന് 200 രൂപ നിരക്കിലാണ് പൂക്കളുടെ വില്പന. ഇത്തരത്തില്‍ ലഭിക്കുന്ന പണം സുജിത്ത് തന്റെ ആവശ്യങ്ങള്‍ക്ക് എടുക്കുന്നില്ല. ഒരു നേരത്തെ ഭക്ഷണത്തിന് വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കുകയാണ് ലക്ഷ്യം. അവര്‍ക്കായി ഇതില്‍നിന്നു ലഭിക്കുന്ന തുക നല്‍കാനാണ് പദ്ധതി.
അറിയപ്പെടുന്ന കര്‍ഷകനാണ് സുജിത്ത്. നാറാണംമൂഴി പഞ്ചായത്തിലെ ഏറ്റവും നല്ല കര്‍ഷകനായി കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു. സമ്മിശ്ര കൃഷിയോടാണ് ഏറെ താത്പര്യം. ഇതിനുപുറമേ ആട്, വെച്ചൂര്‍ പശു, കോഴി എന്നിവയെല്ലാം വളര്‍ത്തുന്നുണ്ട് ഫാമില്‍ നേരത്തെ കുതിരയെയും വളര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴില്ല.
തോമസ് മാത്യു