പുനലൂരിന് ആധുനിക അറവുശാല; നിർമാണം ആരംഭിച്ചു
1516688
Saturday, February 22, 2025 5:48 AM IST
പുനലൂര്‍: ശ്രീരാമവര്‍മപുരം മാര്‍ക്കറ്റില്‍ ആധുനിക അറവുശാല നിര്‍മാണം ആരംഭിച്ചു. ശ്രീരാമവര്‍മപുരം മാർക്കറ്റിൽ നഗരസഭാ വൈസ് ചെയർമാൻ രഞ്ജിത്ത് രാധാകൃഷ്ണൻ കുറ്റി നാട്ടിയാണ് ജോലികൾ ആരംഭിച്ചത്.
സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ബിനോയ് രാജൻ, പ്രിയ പിള്ള, അഡ്വ. പി.എ. അനസ്, വസന്ത രഞ്ജൻ, മുന്‍ ചെയര്‍പേഴ്സണ്‍ നിമ്മി ഏബ്രഹാം, മുന്‍ വൈസ് ചെയര്മാന് വി.പി. ഉണ്ണികൃഷ്ണന്, ജോലികൾ ഏറ്റെടുത്തിട്ടുള്ള ബംഗ്ലൂർ ആസ്ഥാനമാക്കിയിട്ടുള്ള കരാര്‍ കമ്പനിയായ എം.ആര്. ഫാംസ് പ്രതിനിധിയും പങ്കെടുത്തു.
ജോലിയുടെ നിര്‍വഹണ ഏജന്‍സി ഇംപാക്ട് കേരളയാണ്. അവരുമായുള്ള എംഒയു മാസങ്ങള്‍ക്ക് മുമ്പുതന്നെ ഒപ്പുവച്ചിരുന്നു. മാലിന്യം സംസ്കരിക്കുന്നതടക്കം എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ആധുനിക അറവുശാല ഒരുങ്ങുന്നത്. 13 കോടിയാണ് പദ്ധതിയുടെ അടങ്കല്‍. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
നിർമാണത്തിന് വേണ്ടി സജ്ജമാക്കുന്ന ജോലികൾ ആഴ്ചകൾക്ക് മുൻപ് തുടങ്ങിയിരുന്നു. നിര്‍മാണത്തിന്റെ ആദ്യ ഘട്ടമാണ് ആരംഭിച്ചത്. എട്ട് മാസമാണ് നിര്‍മാണ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. നിശ്ചിത കാലാവധിക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് വൈസ് ചെയർമാൻ രഞ്ജിത്ത് രാധാകൃഷ്ണൻ അറിയിച്ചു.