പഴയ വീട് പൊളിച്ചുനീക്കവേ ഭിത്തി ഇടിഞ്ഞുവീണ് യുവാവ് മരിച്ചു
1516551
Saturday, February 22, 2025 2:26 AM IST
അഞ്ചല്‍: പുതിയ വീട് നിര്‍മിക്കുന്നതിനായി പഴയ വീട് പൊളിച്ചു നീക്കവേ ഭിത്തി ഇടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. അലയമണ്‍ പഞ്ചായത്തിലെ കരുകോണ്‍ വലിയവയലില്‍ ഇലത്തണ്ടില്‍ വീട്ടില്‍ ഉണ്ണികൃഷ്ണനാണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. ഉണ്ണികൃഷ്ണന്റെ വീടിനു സമീപത്ത് തന്നെയുള്ള ഇന്ദിരയുടെ വീട് പൊളിക്കുന്നതിനായി എത്തിയവരെ സഹായിക്കാന്‍ എത്തിയതായിരുന്നു. ഒരു വശത്ത് ഭിത്തി പൊളിച്ചിടുകയും മറുവശത്ത് ഉണ്ണികൃഷ്ണന് ഇത് നീക്കം ചെയ്തും വരികയായിരുന്നു. ഇതിനിടയിലാണ് ഭിത്തി ഇടിഞ്ഞു വീണത്.
ഉടന്‍ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ഉണ്ണികൃഷ്ണനെ പുറത്തെടുത്ത് താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണന് രാത്രിയോടെ മരിച്ചു. അഞ്ചല്‍ പോലീസിന്റെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു പോസ്റ്റ്മോര്‍ട്ടം നടത്തി. പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.