കുടിപ്പള്ളിക്കൂടങ്ങളിൽ മാതൃഭാഷാ ദിനാചരണം നടത്തി
1516682
Saturday, February 22, 2025 5:38 AM IST
കൊല്ലം: അഖില കേരള കുടിപ്പള്ളിക്കൂടം (നിലത്തെഴുത്ത്) ആശാൻ അസോസിയേഷന്റെ നേതൃത്വത്തിൽ കൂടിപ്പള്ളിക്കൂടങ്ങളിൽ ലോകമാതൃഭാഷാ ദിനാചരണം നടത്തി.
സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചവറയിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്തംഗം സി.പി.സുധീഷ്കുമാർ ഉദ്ഘാടനം ചെയ്തു. പ്രാഥമിക വിദ്യാഭ്യാസത്തിൽ മാതൃഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്ന കൂടിപ്പള്ളിക്കൂടങ്ങളെ സംരക്ഷിക്കേണ്ട ചുമതല സർക്കാരിനുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ചവറ സുരേന്ദ്രൻപിള്ള അധ്യക്ഷനായി. പന്മന പഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണൻ, ജയകൃഷ്ണൻ ലക്ഷ്മിഭവനം, ജോയി അരിനല്ലൂർ, ജനറൽ സെക്രട്ടറി ഇടക്കുളങ്ങര തുളസി, ആർ. ബിന്ദുറാണി, ശ്രീലതാ സജീവ്, എം. പ്രീത എന്നിവർ പ്രസംഗിച്ചു.
തഴവയിൽ സുനിത അശോകനും ശാസ്താംകോട്ടയിൽ ഭരണിക്കാവ് സീനത്തും കിളികൊല്ലൂരിൽ കൗൺസിലർ ആശാ ബിജൂവും ദിനാചരണം ഉദ്ഘാടനം ചെയ്തു.