ബ്രൂവറിയിൽ നിന്ന് സർക്കാർ പിൻതിരിയണം: കെസിബിസി
1516677
Saturday, February 22, 2025 5:38 AM IST
കൊല്ലം: പാലക്കാട്ട് എലപ്പുളളിയിൽ ബ്രൂവറി ആരംഭിക്കാനുളള തീരുമാനത്തിൽ നിന്ന് സർക്കാർ പിൻതിരിയണമെന്ന് കെസിബിസി മദ്യവിരുദ്ധ സിമിതി കൊല്ലം രൂപതാ രൂപതാ ഡയറക്ടർ ഫാ. മിൽട്ടണ്‍ ജോർജ് പ്രസഡന്റ് യോഹന്നാൻ ആന്റണി, ജനറൽ സെക്രട്ടറി എ.ജെ.ഡിക്രൂസ് എന്നിവർ ആവശ്യപ്പെട്ടു.
മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം മറന്നും ഘടക കക്ഷികളുടെ എതിർപ്പ് അവഗണിച്ചും ബ്രൂവറിയുമായി മുന്നോട്ട് പോകാനുളള തീരുമാനം ജനവഞ്ചനയും ദുരൂഹവുമാണ്.
തദ്ദേശ സ്ഥാപനങ്ങളുടെ മദ്യനിരോനാധികാരം റദ്ദു ചെയ്തും ആയിരക്കണക്കിന് മദ്യശാലകൾ അനുവദിച്ചും ബാറുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചും ദൂരപരിധി കുറച്ചും തൊഴിൽ സ്ഥാപനങ്ങളും മറ്റു പൊതുഇടങ്ങളും മദ്യവത്കരിച്ചും നടപ്പിലാക്കിയ നടപടികൾ സർക്കാർ പൂർണമായും മദ്യമുതലാളിത്ത പക്ഷത്താണെന്നതിന്റെ തെളിവാണെന്ന് അവർ ചൂണ്ടിക്കാട്ടി.
ജനവിരുദ്ധ മദ്യനയവും ലഹരി നിയന്ത്രണങ്ങളിലെ നിസംഗതയുമാണ് മദ്യത്തിന്റെയും മറ്റ് ലഹരികളുടെയും വ്യാപനവും വിപത്തും അതിരൂക്ഷമാകാൻ ഇടയായത്. സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിലെ ജനവിരുദ്ധതയും കാപട്യവും തിരിച്ചറിഞ്ഞ് അതിനെതിരെ യോജിച്ച പോരാട്ടത്തിന് എല്ലാ വിഭാഗം ജനങ്ങളും രംഗത്ത് ഇറങ്ങണമെന്ന് അവർ അഭ്യർഥിച്ചു.
ലഹരിയുടെ ഇരകളായി തകർക്കപ്പെടുന്ന പുതുതലമുറയെയും കുടുംബങ്ങളെയും വിമോചിപ്പിക്കുന്നതിനുളള അടിയന്തര സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പാക്കാൻ സർക്കാർ തയാറാകണം.
ലഹരി മാഫിയയെ അടിച്ചമർത്തണമെന്നും മദ്യപ്രളയം സൃഷ്ടിക്കുന്നതിനുളള നടപടികൾ അവസാനിപ്പിക്കണമെന്നും സമിതി രൂപതാ ഡയറക്ടർ ഫാ. മിൽട്ടണ്‍ ജോർജ്, പ്രസിഡന്റ് യോഹന്നാൻ ആന്റണി, ജനറൽ സെക്രട്ടറി എ.ജെ. ഡിക്രൂസ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.