കളക്ടറേറ്റിനുള്ളിൽ സിപിഎം ഫ്ളക്സ് ബോർഡ് സ്ഥാപിച്ചു
1516686
Saturday, February 22, 2025 5:48 AM IST
കൊല്ലം: ഫ്ലക്സും, ബോർഡും സ്ഥാപിക്കുന്നതിനെതിരേ ഹൈക്കോടതി ശക്തമായ നടപടിപടികളുമായി മുന്നോട്ടു പോകുന്നതിനിടെ ജില്ലാ കളക്ടറേറ്റിനുള്ളിൽ സിപിഎം സംസ്ഥാന സമ്മേളന ഫ്ളക്സ് ബോർഡ് സ്ഥാപിച്ച് സിപിഎം അനുകൂല സംഘടന. ജില്ലാ ആസ്ഥാനത്ത് 13 ഓളം കോടതികളും രണ്ട് ആർഡിഒ കോടതികളും പ്രവർത്തിക്കുന്ന കളക്ട്രേറ്റ് അങ്കണത്തിലാണ് ഹൈക്കോടതി ഉത്തരവിനെ മാനിക്കാതെ ബോർഡ് സ്ഥാപിച്ചത്.
രണ്ട് ആർഡിഒ കോടതികൾ, ആറ് ജില്ലാ കോടതികൾ, ഒരു സിജെഎം കോടതി,രണ്ട് സബ് കോടതികൾ, രണ്ട് മുൻസിഫ് കോടതികൾ അടക്കം 13 ഓളം കോടതികളുടെ കണ്മുന്നിലായാണ് സംഭവം.
ഫ്ലക്സ് ബോർഡുകൾക്കെതിരായ നടപടിയുടെ പേരിൽ ജഡ്ജിമാരെ അപഹസിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ പാർട്ടി പ്രവർത്തകരെ ഒരാളെയും വെറുതെ വിടില്ലെന്ന് ഹൈക്കോടതി പറഞ്ഞിരിക്കെ ജസ്റ്റിസ് ചെലമേശ്വറിന്റെ ചിത്രം ഉൾപ്പടെയാണ് സിപിഎം അനുകൂല സംഘടനയായ ഓൾ ഇന്ത്യ ലായേർസ് യൂണിയന്റെ വകയായി സിപിഎം സമ്മേളന ഫ്ലക്സ് ജില്ലാ കളക്ടറേറ്റിൽ സ്ഥാപിച്ചത്.
കൊല്ലം കളക്ടറേറ്റിലേക്ക് പിൻ ഭാഗത്തെ ഗേറ്റ് വഴി പ്രവേശിക്കുന്നവർ കാണുന്ന തരത്തിലാണ് ഫ്ളക്സ് സ്ഥാപിച്ചിട്ടുള്ളത്. സിപിഎം ജില്ലാ സമ്മേളന ഭാഗമായി സെമിനാർ നടത്തുന്ന കാര്യമാണ് ഫ്ളക്സിൽ പറഞ്ഞിരിക്കുന്നത്. ജസ്റ്റിസ് ചെലമേശ്വറിനെ കൂടാതെ യൂസഫ് തരിഗാമി സെമിനാറിൽ പങ്കെടുക്കുമെന്ന വിവരവും ഫ്ലക്സ് പങ്ക് വയ്ക്കുന്നു.