കാഞ്ഞിരകോട്ട് ജലക്ഷാമം പരിഹരിക്കണം
1516685
Saturday, February 22, 2025 5:48 AM IST
കുണ്ടറ: കാഞ്ഞിരകോടിലും പരിസരപ്രദേശങ്ങളിലും നേരിടുന്ന രൂക്ഷമായ ജലക്ഷാമം പരിഹരിക്കണമെന്ന് സിപിഐ കാഞ്ഞിരകോട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞിര കോടും പരിസര പ്രദേശങ്ങളും അതിരൂക്ഷമായ ജലക്ഷാമം നേരിടുകയാണ്. സിറാമിക്സ് ഫാക്ടറി ഈ പ്രദേശത്ത് നടത്തുന്ന ഖനനം മൂലമാണ് പ്രദേശത്ത് ജലക്ഷാമം രൂക്ഷമാക്കിയതെന്ന നാട്ടുകാരുടെ പരാതിക്ക് പരിഹാരം ഉണ്ടാകണം.
ഫാക്ടറി നേരിട്ട് ഇവിടുത്തെ ജനങ്ങൾക്ക് സൗജന്യമായി ജലം എത്തിച്ചു നൽകുന്നതിന് നിലവിൽ കരാറുണ്ട്. ഫാക്ടറി മാനേജുമെന്റ് കരാർ നാളിതുവരെ പാലിച്ചിട്ടില്ല. പ്രദേശത്തെ ജനങ്ങൾ വലിയ വില നൽകിയാണ് സ്വകാര്യ വ്യക്തികളിൽ നിന്ന് വെള്ളം വാങ്ങി ഉപയോഗിക്കുന്നത്. നാട്ടുകാരെ സമരത്തിലേക്ക് വലിച്ചിഴക്കാതെ ജല പ്രതിസന്ധിക്ക് ഉടൻ പരിഹരം കാണണമെന്ന് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
മണ്ഡലം കമ്മിറ്റി അംഗം ജോൺ വിൻസൺ ഉദ്ഘാടനം ചെയ്തു. എ. ജോസ് അധ്യക്ഷത വഹിച്ചു. എ. ഗ്രേഷ്യസ്, സോണി. വി. പള്ളം, ടി. പ്രസാദ്, പ്രമോദ് എന്നിവർ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ജെ.ജെ. സതീഷിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി വിത്സൺ ഇടക്കരയേയും തെരഞ്ഞെടുത്തു.