കെഎസ്ആർടിസി ഡിപ്പോയ്ക്കു മുന്നിൽ പ്രതിഷേധവും ധർണയും
1542498
Sunday, April 13, 2025 7:41 AM IST
കാഞ്ഞങ്ങാട്: കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരുടെ ബ്രീത്ത് അനലൈസർ പരിശോധന നടത്തുന്ന സംവിധാനത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷന്റെ (സിഐടിയു) നേതൃത്വത്തിൽ ഡിപ്പോയ്ക്കു മുന്നിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.
പരിശോധന നടത്തുന്നതിന് സംഘടന എതിരല്ലെന്നും അതേസമയം ചികിത്സയുടെ ഭാഗമായി മരുന്ന് കഴിക്കുന്നവരും തീരെ മദ്യപിക്കാത്തവരും മദ്യപിച്ചതായി മുദ്രകുത്തപ്പെടുന്നത് ഒഴിവാക്കണമെന്നും സംഘടനാ നേതാക്കൾ പറഞ്ഞു. ജില്ലയിൽ ഈ പരിശോധനയിൽ പരാജയപ്പെടുന്നവർ വൈദ്യപരിശോധന നടത്താനാവശ്യപ്പെട്ടാൽ ശാസ്ത്രീയമായ രീതികളിലൂടെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം അവർക്ക് നല്കാത്തതാണ് പ്രശ്നം.
മാധ്യമങ്ങളെ വിളിച്ചുചേർത്ത് വിഷയം പൊതുജനമധ്യത്തിൽ അവതരിപ്പിക്കുന്നവർക്ക് മാത്രം നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകുന്ന പ്രവണതയാണ് മാനേജ്മെന്റ് പിന്തുടരുന്നതെന്നും അവർ പറഞ്ഞു. ഇതിനെതിരെ പരിശോധനാ ബഹിഷ്കരണമടക്കമുള്ള ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നറിയിച്ച് സംഘടനാ പ്രതിനിധികൾ മാനേജ്മെന്റിന് നോട്ടീസ് നല്കി.
ധർണ കെഎസ്ആർടിഇഎ സംസ്ഥാന ഓഡിറ്റ് കമ്മിറ്റി കൺവീനർ എം.ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. കെ.പി. സന്തോഷ് കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.സന്തോഷ്, യൂണിറ്റ് സെക്രട്ടറി കെ.സുജിത്ത്, കെ.പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.