ചെറുവത്തൂരും കൊട്ടോടിയിലും ജില്ലാ ദുരന്തനിവാരണവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മോക്ക് ഡ്രിൽ
1542399
Sunday, April 13, 2025 6:36 AM IST
രാജപുരം/ ചെറുവത്തൂർ: പൊടുന്നനേയുള്ള ചുഴലിക്കാറ്റ് മുന്നറിയിപ്പും തുടർന്ന് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള രക്ഷാപ്രവർത്തനങ്ങളും മലയോര ഗ്രാമമായ കൊട്ടോടിയിലും ചെറുവത്തൂർ മടക്കര മത്സ്യബന്ധന തുറമുഖത്തും കൗതുകമായി.
ജില്ലാ ദുരന്തനിവാരണവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മോക്ക് ഡ്രിൽ നടത്തുമെന്ന് കാലേക്കൂട്ടി അറിയിച്ചിരുന്നതിനാൽ നാട്ടുകാർക്ക് തെറ്റിദ്ധാരണയും ആശങ്കയും ഒഴിവായി. മത്സ്യബന്ധനത്തിന് പോയ ബോട്ട് ചുഴലിക്കാറ്റിൽപ്പെട്ട് അപകടാവസ്ഥയിലാകുന്നതും വിവിധ സേനാംഗങ്ങളുടെ രക്ഷാപ്രവർത്തനവും യാഥാർഥ്യമെന്നു തോന്നുന്ന മട്ടിലാണ് ആവിഷ്കരിക്കപ്പെട്ടത്.
വെള്ളത്തിൽ മുങ്ങിപ്പോയ രണ്ട് മത്സ്യത്തൊഴിലാളികളെ ഫിഷറീസ് പട്രോൾ ബോട്ടിലെ സുരക്ഷാ സംവിധാനങ്ങളുപയോഗിച്ച് സുരക്ഷിതമായി കരയ്ക്കെത്തിക്കുന്നതും അഗ്നിരക്ഷാസേനയുടെയും പോലീസിന്റെയും നേതൃത്വത്തിൽ ആംബുലൻസുകളിൽ കയറ്റി മെഡിക്കൽ ക്യാമ്പിൽ എത്തിക്കുന്നതും ആവിഷ്കരിക്കപ്പെട്ടു.
മരങ്ങളും വൈദ്യുത തൂണുകളും നിലംപതിക്കുന്നതും ഐസ് പ്ലാന്റിനു മുകളിലേക്ക് മരം വീണ് അമോണിയം ചോർച്ചയുണ്ടാകുന്നതുമായി ബന്ധപ്പെട്ട് നടത്തേണ്ട രക്ഷാപ്രവർത്തനങ്ങളും ആവിഷ്കരിച്ചു. ദുരന്തനിവാരണ വിഭാഗവുമായി ബന്ധപ്പെട്ട ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കുന്നതിനും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായാണ് മോക്ഡ്രിൽ നടത്തിയത്.
ഉച്ചയ്ക്ക് 12.30 ഓടെ മോക്ക് ഡ്രിൽ പൂർത്തിയാക്കി പ്രവർത്തനങ്ങളുടെ അവലോകനം നടത്തി.
മടക്കര തുറമുഖത്ത് നടത്തിയ മോക്ക് ഡ്രില്ലിന് ഹൊസ്ദുർഗ് തഹസിൽദാർ ടി.ജയപ്രസാദ്, വി.നിഗീഷ്, തൃക്കരിപ്പൂർ ഫയർ ഓഫീസർ കെ.വി.പ്രഭാകരൻ, ചന്തേര പോലീസ് ഇൻസ്പെക്ടർ കെ.പ്രശാന്ത്, മെഡിക്കൽ ഓഫീസർ ഡോ.രാജ്മോഹൻ, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള, സെക്രട്ടറി എസ്.വനജ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എസ്.ഐശ്വര്യ, തീരദേശ പോലീസ് എഎസ്ഐ കെ.ഹരി, കെഎസ്ഇബി പടന്ന സെക്ഷൻ സബ് എൻജിനീയർ കെ.എം.അജിത്ത് കുമാർ, കാഞ്ഞങ്ങാട് ജോയിന്റ് ആർടിഒ കെ.ജി.സന്തോഷ് കുമാർ, തുരുത്തി വില്ലേജ് ഓഫീസർ കെ.സുരേഷ് എന്നിവർ നേതൃത്വം നല്കി.