കുറഞ്ഞ നിരക്കിൽ പഞ്ചനക്ഷത്ര വിഭവങ്ങളുമായി കല്ലുമ്മക്ക ഫുഡ് ബിനാലെ
1542495
Sunday, April 13, 2025 7:41 AM IST
ബേക്കൽ: ബീച്ച് പാർക്കിൽ നടക്കുന്ന കല്ലുമ്മക്ക ബേക്കൽ ഫുഡ് ബിനാലെയുടെ ഭാഗമായുള്ള ഫൈഫ് സ്റ്റാർ ഫുഡ് ഫെസ്റ്റ് സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏഷ്യൻ കോണ്ടിനെന്റൽ ഫുഡ്, വിവിധ സ്പെഷ്യാലിറ്റി വിഭവങ്ങളും ബജറ്റ് നിരക്കിൽ ഇവിടെ ലഭിക്കും.
പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ലഭിക്കുന്ന ഭക്ഷണങ്ങളുടെ സാധാരണക്കാർക്കും ചെറിയ നിരക്കിൽ പ്രാപ്യമാകുകയാണ് ലക്ഷ്യം. ബേക്കൽ ബീച്ച് പാർക്കിൽ ഇതിനായി പ്രത്യേകം സ്റ്റാളുകൾ സജ്ജമാക്കിയിട്ടുണ്ട്. സ്റ്റാർ റിസോർട്ടുകളിൽ ആയിരം മുതൽ രണ്ടായിരം രൂപ വരെയുള്ള വിഭവങ്ങൾ 200 മുതൽ 400 രൂപ വരെ നിരക്കിൽ ഇവിടെ നിന്നും കഴിക്കാം.
പോണ്ടിച്ചേരി സ്വദേശിയായ ഷെഫ് അമ്പളകന്റെ നേതൃത്വത്തിലുള്ള താജ് ബേക്കലിന്റെ സ്റ്റാളിൽ ചീസ് ഗാർലിക്ക് ബ്രഡ്, ഹോട്ട് ഡോഗ്, റാപ് ആന്റ് റോൾ, ഗാർഡൻ സ്പെഷ്യൽ, ബേക്കൽ സ്പെഷ്യൽ തുടങ്ങിയ വിഭവങ്ങളാണ് സന്ദർശകർക്കായി ഒരുക്കുന്നത്.
ലളിത് ബേക്കലിന്റെ സ്റ്റാളിൽ ഷെഫ് ലനീഷിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന മീൻ, ചെമ്മീൻ, ചിക്കൻ, പച്ചക്കറി വിഭവങ്ങളും മീൻ പൊള്ളിച്ചത്, ഇളനീർ ക്രീം അങ്കലസ്, ഡെക്കാൻ ഫ്രാങ്കിസ് വെജിറ്റേറിയൻ നോൺ വെജ് വിഭവങ്ങളും ലഭ്യമാണ്. ഗേറ്റ് വേ ബേക്കൽ സ്റ്റാളിൽ ഷെഫ് സുകേഷ് കണ്ണൂരിന്റെ നേതൃത്വത്തിൽ വിവിധതരം സ്റ്റാർട്ടറുകളും മീൻ, ചെമ്മീൻ, ചിക്കൻ പച്ചക്കറി വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്.
പഞ്ചനക്ഷത്ര ഹോട്ടലുകളുടെ സ്റ്റാളുകൾ ഈ മാസം 19 വരെയും കുടുംബശ്രീ സ്റ്റാളുകൾ 20 വരെയും പ്രവർത്തിക്കും.