പനത്തടി പുളിംകൊച്ചിയില്‍ വീണ്ടും കാട്ടാനയിറങ്ങി
1542497
Sunday, April 13, 2025 7:41 AM IST
രാജപുരം: ചെറിയൊരു ഇടവേളയ്ക്കു ശേഷം പനത്തടി പുളിംകൊച്ചിയില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. പുളിംകൊച്ചിയിലെ ബി.രവീന്ദ്രന്, എസ്.ബി.ജയകുമാര്‍ എന്നിവരുടെ കൃഷിയിടങ്ങളിലെ കായ്ച്ചതും കായ്ക്കാറായതുമായ അറുപതിലേറെ കമുകുകളാണ് രണ്ടു ദിവസത്തിനുള്ളിൽ നശിപ്പിച്ചത്.
നേരത്തേ കാട്ടാനശല്യം രൂക്ഷമായിരുന്ന പ്രദേശത്ത് അടുത്തിടെ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ സൗരോര്‍ജ തൂക്കുവേലിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഇത് പൂർണമായി ചാർജ് ചെയ്ത് ഉദ്ഘാടനം നടത്തിയിട്ടില്ല.
സൗരോർജവേലി കഴിവതും വേഗത്തിൽ പൂര്‍ണ തോതിൽ പ്രവര്‍ത്തനക്ഷമമാക്കുകയും പുളിംകൊച്ചി മുതല്‍ താന്നിക്കാല്‍ വരെയുള്ള ഭാഗത്തെ കാട് തെളിച്ച് ഇവിടെയുള്ള പഴയ സൗരോര്‍ജ വേലിയുടെ അറ്റകുറ്റപണികൾ നടത്തുകയും ചെയ്താൽ ആനകളെ നിയന്ത്രിക്കാനാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പഴയ സൗരോർജവേലിയും പുതിയതും ഒരേസമയം പ്രവർത്തനസജ്ജമായാൽ പെരുതടി മുതല്‍ കടമല വരെയുള്ള ഭാഗത്ത് കാട്ടാനകളെ തടയാനാകുമെന്നാണ് പ്രതീക്ഷ.