സർക്കാരിന്റെ നാലാം വാർഷികം: പ്രഭാഷണ പരമ്പരകൾക്ക് തുടക്കമായി
1542400
Sunday, April 13, 2025 6:36 AM IST
കാഞ്ഞങ്ങാട്: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കാലിക്കടവ് മൈതാനത്ത് ഏപ്രിൽ 21 മുതൽ 27 വരെ നടക്കുന്ന പ്രദർശന വിപണന മേളയ്ക്ക് മുന്നോടിയായുള്ള പ്രഭാഷണ പരമ്പരകൾക്ക് തുടക്കമായി. കാസർഗോഡിന്റെ സാഹിത്യ ചരിത്രം എന്ന വിഷയത്തിൽ കാഞ്ഞങ്ങാട് പി സ്മാരക മന്ദിരത്തിൽ നടന്ന പ്രഭാഷണപരിപാടി ഇ. ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
നിരൂപകൻ ഇ.പി. രാജഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. ഭാഷാ വൈവിധ്യങ്ങൾ നിലനിൽക്കുന്ന കാസർഗോഡ് ജൈവ ഭാഷയിൽ സാഹിത്യ രചനകൾ നടത്തപ്പെടുന്ന പ്രദേശം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭാ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.പ്രഭാകരൻ, ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.വേണുഗോപാലൻ, കാഞ്ഞങ്ങാട് പി സ്മാരക മന്ദിരം സെക്രട്ടറി കെ.വി. സജീവൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, ഇൻഫർമേഷൻ അസിസ്റ്റന്റ് നിഹാരിക രാഘവൻ എന്നിവർ പ്രസംഗിച്ചു.
കാസർഗോഡിന്റെ തുളു സംസ്കാരം എന്ന വിഷയത്തിൽ മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക ഗവ.കോളജിൽ നടന്ന പ്രഭാഷണ പരിപാടി തുളു അക്കാദമി ചെയർമാൻ കെ.ആർ. ജയാനന്ദ ഉദ്ഘാടനം ചെയ്തു. കാർഷിക സംസ്കൃതിയാണ് തുളുനാടൻ ഗ്രാമങ്ങളുടെ അടിത്തറയെന്ന് അദ്ദേഹം പറഞ്ഞു. രാധാകൃഷ്ണൻ ഉളിയത്തടുക്ക മുഖ്യപ്രഭാഷണം നടത്തി.
കോളജ് പ്രിൻസിപ്പൽ ഡോ. കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സീനിയർ സൂപ്രണ്ട് കെ.എസ്. ദിനേശ, ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസി.എഡിറ്റർ എ.പി. ദിൽന, എൻഎസ്എസ് യൂണിറ്റ് സെക്രട്ടറി കെ.അമൃത എന്നിവർ പ്രസംഗിച്ചു.