കുന്നത്തൂർപാടി തിരുവപ്പന മഹോത്സവം: പാടിയിൽ പണി പുരോഗമിക്കുന്നു
1486735
Friday, December 13, 2024 5:17 AM IST
കുന്നത്തൂർപാടി: കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തെ ഈ വർഷത്തെ തിരുവപ്പന മഹോത്സവം 17ന് ആരംഭിക്കും. ഉത്സവത്തിന് മുന്നോടിയായി പാടിയിൽ പണി പുരോഗമിക്കുകയാണ്. കഴിഞ്ഞവർഷത്തെ തിരുവപ്പന ഉത്സവത്തിനു ശേഷം ആൾ പ്രവേശനമില്ലാത്ത പാടിയിൽ പുല്ലും ഈറ്റയും ഓലയും ഉപയോഗിച്ച് താത്കാലിക മടപ്പുര നിർമിച്ചു വരികയാണ്. പാടിയിൽ പണി എന്ന പേരിൽ അറിയപ്പെടുന്ന ചടങ്ങാണിത്.
അടിയന്തരക്കാർ, ചന്തൻ, കരക്കാട്ടിടം വാണവർ എന്നിവർക്കുള്ള സ്ഥാനികപന്തലുകളും ഒരുക്കിയിട്ടുണ്ട്. 17ന് രാവിലെ മുതൽ താഴെ പൊടിക്കളത്തെ മടപ്പുരയിൽ തന്ത്രി പേർക്കിളത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ഗണപതിഹോമം, ശുദ്ധി, വാസ്തുബലി, ഭഗവതിസേവ, ഉഷപൂജ, നവകം, ഉച്ചപൂജ, ദീപാരാധന എന്നീ ചടങ്ങുകൾ നടക്കും.
കോമരം ഉറഞ്ഞുതുള്ളി പൈങ്കുറ്റി വച്ച ശേഷം അഞ്ചില്ലം അടിയാന്മാർ ഇരുവശത്തും ചൂട്ടുപിടിച്ച് കളിക്കപ്പാട്ടോടുകൂടി പാടിയിൽ പ്രവേശിക്കും. കരക്കാട്ടിടം വാണവർ, അടിയന്തരക്കാർ എന്നിവരെല്ലാം ഈ സമയത്ത് പാടിയിൽ പ്രവേശിക്കും. തിരുവാഭരണപ്പെട്ടിയും ഭണ്ഡാരവും പാടിയിലേക്ക് കൊണ്ടുപോകുന്നതും ഇതോടൊപ്പമാണ്. പാടിയിൽ പ്രവേശിച്ചശേഷം തന്ത്രിയുടെ കാർമികത്വത്തിൽ ശുദ്ധി, കലശപൂജ എന്നിവ നടക്കും. തുടർന്ന് അടിയന്തരം തുടങ്ങാൻ തന്ത്രി അനുവാദം നൽകും. വാണവരുടെ കങ്കാണിയറയിൽ വിളക്ക് തെളിയുന്നതോടെ അടിയന്തരം തുടങ്ങും.
ആദ്യദിവസമായ 17ന് രാത്രി മുത്തപ്പന്റെ ജീവിതത്തിലെ നാലുഘട്ടങ്ങളായ ബാല്യം, കൗമാരം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം എന്നിവയെ പ്രതിനിധീകരിച്ച് പുതിയമുത്തപ്പൻ, പുറംകാലമുത്തപ്പൻ, നാടുവാഴീശൻ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടിക്കും. മറ്റ് ദിവസങ്ങളിൽ വൈകുന്നേരം ഊട്ടുംവെള്ളാട്ടം, രാത്രി തിരുവപ്പന, പുലർച്ചെ വെള്ളാട്ടം എന്നിവ ഉണ്ടായിരിക്കും ഒന്നിടവിട്ട ദിവസങ്ങളിൽ മൂലംപെറ്റ ഭഗവതിയും ഉണ്ടായിരിക്കും.
ഉത്സവകാലത്ത് ഭക്തർക്ക് 24 മണിക്കൂറും പാടിയിൽ പ്രവേശിക്കാം. ജനുവരി 16ന് ഉത്സവം സമാപിക്കും. ദിവസവും ഉച്ചയ്ക്കും രാത്രിയും താഴെ പൊടിക്കളത്തുവച്ച് അന്നദാനം ഉണ്ടായിരിക്കും. പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ് ഉത്സവം നടത്തുന്നതെന്ന് മുത്തപ്പൻ ദേവസ്ഥാനം ട്രസ്റ്റിയും ജനറൽ മാനേജരുമായഎസ്.കെ. കുഞ്ഞിരാമൻ നായനാർ പറഞ്ഞു.