മാഹിയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു
1459808
Tuesday, October 8, 2024 10:41 PM IST
മാഹി: മാഹി അതിർത്തി പ്രദേശമായ പൂഴിത്തലയിൽ ചരക്കു ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു. കണ്ണൂർ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മത്സ്യലോറിയും എതിർ ദിശയിൽ നിന്ന് വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
തിങ്കളാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. മത്സ്യലോറിയിലെ ഡ്രൈവർ വടകര പുതുപ്പണം സ്വദേശി കിഴക്കെ മങ്കുഴിയിൽ അശ്വന്താണ് (26) മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അശ്വന്തിനെ കോഴിക്കോട്ടെ ആശുപത്രിയിൽ കൊണ്ടുപോകും വഴി വടകരയ്ക്ക് സമീപം മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം വടകര ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മാഹി എസ്ഐ സുനിൽ പ്രശാന്ത് ഇൻക്വസ്റ്റ് നടത്തി. വടകര ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഇന്നലെ വടകര ബസ് സ്റ്റാൻഡിൽ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം സംസ്കരിച്ചു.
അപകടത്തിൽ നിസാര പരിക്കേറ്റ മറ്റൊരു ലോറിയുടെ ഡ്രൈവർ കർണാടക സ്വദേശി മാഹി ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തിൽപ്പെട്ട ഇരുലോറികളും മാഹി പോലീസ് കസ്റ്റഡിയിലെടുത്തു.