ഇരിട്ടി നഗരത്തിൽ പാർക്കിംഗ് മൂന്നു മണിക്കൂർ പിന്നിട്ടാൽ നടപടി
1454819
Saturday, September 21, 2024 2:04 AM IST
ഇരിട്ടി: നഗരത്തിലെ നിയന്ത്രണമില്ലാത്ത പാക്കിംഗിന് മൂക്കുകയറിടാൻ കർശന നടപടികളുമായി പോലീസ്. അംഗീകൃത ഏരിയയിൽ പാർക്കിംഗ് മുന്ന് മണിക്കൂറാക്കി നിജപെടുത്തി. ഇരിട്ടി എസ്എച്ചഒ എ. കുട്ടികൃഷ്ണന്റെ നിർദേശപ്രകാരം എസ്ഐ റെജി സ്കറിയയുടെ നേതൃത്വ ത്തിൽ പോലീസ് ഇരിട്ടി പാലം മുതൽ പയഞ്ചേരിമുക്ക് വരെ ഇന്നലെ പരിശോധന നടത്തി.
മണിക്കൂറുകളോളം പാർക്ക് ചെയ്ത 25 വാഹനങ്ങൾക്ക് സ്റ്റിക്കർ പതിപ്പിച്ചു. മൂന്ന് മണിക്കൂറിന് ശേഷം വീണ്ടും പരിശോധന നടത്തി പാർക്കിംഗ് ഏരിയയിൽ നിന്നും മാറ്റാത്ത വാഹന ഉടമകൾക്കെതിരേ പിഴ ഉൾപ്പെടെ ചുമത്തനാണ് പോലീസിന്റെ തീരുമാനം.
തലതിരിഞ്ഞ പാർക്കിംഗ്
ടൗണിൽ മേലേ സ്റ്റാൻഡ് മുതൽ പയഞ്ചേരിമുക്ക് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും നഗരസഭ വാഹനങ്ങൾക്കുള്ള പാർക്കിംഗ് സ്ലോട്ടുകൾ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും പാർക്കിംഗ് തോന്നുംപോലെയാണ്. ജോലിയടക്കം ആവശ്യങ്ങൾക്ക് എത്തുന്നവർ അതിരാവിലെ വാഹനം പാർക്ക് ചെയ്താൽ രാത്രി വൈകിയാണ് തിരികെ എടുക്കുന്നത്. നിലവിൽ നഗരസഭയുടെ പാർക്കിംഗ് ഏറിയയിൽ ഒരു മണിക്കൂർ മാത്രമാണ് പാർക്കിംഗ് സമയം.
എന്നാൽ, നഗരത്തിൽ ദീർഘ മണിക്കൂറുകൾ പാർക്കിംഗിനായി ഇരിട്ടി പഴയ പാലത്തും, പഴയ ബസ് സ്റ്റാൻഡിലെ നഗരസഭ ഓപ്പൺ ഓഡിറ്റോറിയത്തിലും ഉൾപ്പെടെ പേ പാർക്കിംഗ് സംവിധാനങ്ങൾ ഒരുക്കിയെങ്കിലും വാടക നല്കി പാർക്കിംഗ് ആരും സ്വീകരിക്കുന്നില്ല. ഈ സാഹചര്യത്തിൽ റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ പതിക്കുന്ന സ്റ്റിക്കറിൽ സമയം രേഖപ്പെടുത്താനാണ് തീരുമാനം. മൂന്ന് മണിക്കൂറിനു ശേഷം വീണ്ടും പോലീസ് ഈ വാഹനങ്ങൾ പരിശോധിക്കും. എന്നിട്ടും ഈ വാഹനങ്ങൾ ഇവിടെ നിന്നും മാറ്റിയില്ലെങ്കിലാണ് പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടയ്ക്കുക.