ബോംബുണ്ടാക്കുന്നവരെ പിടികൂടുന്നില്ലെങ്കിൽ കേന്ദ്രം വേണ്ടത് ചെയ്യും: എ.പി.അബ്ദുള്ളക്കുട്ടി
1430511
Friday, June 21, 2024 1:47 AM IST
തലശേരി: ബോംബുണ്ടാക്കുന്നവരെ കണ്ടെത്തി പിടികൂടാൻ കേരളാ പോലീസിനാകുന്നില്ലെങ്കിൽ ഞങ്ങളോട് പറയണമെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ വേണ്ടത് ചെയ്യുമെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. എരഞ്ഞോളി കുടക്കളത്ത് ബോംബ് പൊട്ടി മരിച്ച ആയിനിയാട്ട് മീത്തൽ വേലായുധന്റ് വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായി രുന്നു അദ്ദേഹം.
1998 ന് ശേഷം ഉണ്ടായ ഒരു സംഭവങ്ങളിലും കൃത്യമായി അന്വേഷണം നടന്നിട്ടില്ല. കേസുകൾ തെളിയിക്കപ്പെടുന്നില്ല. ഇത് പോലിസിന്റെ വീഴ്ചയാണ്. ആഭ്യന്തര മന്ത്രി പിണറായി വിജയൻ ഉത്തരം പറയണം. എരഞ്ഞോളി സംഭവത്തിന് പിന്നിൽ കണ്ണൂർ സിപിഎമ്മിലെ ചേരിപ്പോരാണെന്ന് അബ്ദുള്ളക്കുട്ടി ആരോപിച്ചു. ഇവിടെ പിണറായിയുടെ ശിഷ്യന്മാരായ ജയരാജന്മാർ തമ്മിൽ തെറ്റിയിരിക്കയാണ്. അവരിപ്പോൾ രണ്ട് ഗ്രൂപ്പാണ്. ഇതോടെ സിപിഎമ്മിലെ ക്രിമിനൽ സംഘവും രണ്ട് ഗ്രൂപ്പായിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് പുതിയ ബോംബു നിർമാണവും ശേഖരണവും എന്നാണ് പ്രാദേശത്തുകാർ പറയുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.