സ്നേഹഭവനിൽനിന്ന് കൊങ്ക ബംഗാളിലെ വീട്ടിലേക്ക്
1430510
Friday, June 21, 2024 1:47 AM IST
ഇരിട്ടി: 12 വർഷമായി സ്നേഹഭവന്റെ പരിചരണത്തിലുള്ള അന്തേവാസിയുടെ ബംഗാളിലെ വീട്ടിലേക്കുള്ള തിരിച്ചുപോക്ക് അവിസ്മരണീയമായി. ബംഗാൾ സ്വദേശിയായ കൊങ്കയാണ് മകനും ബന്ധുവിനുമൊപ്പം നാട്ടിലേക്ക് മടങ്ങിയത്. 15 വർഷം മുമ്പ് കാണാതായ കൊങ്കയുടെ ബന്ധുക്കളെ കണ്ടെത്താൻ കഴിഞ്ഞതോടെയാണ് തിരികെ നാട്ടിലേക്ക് പോകാനായത്. 2012ലാണ് ഇരിട്ടിക്കടുത്ത് മാട്ടറയിൽ അലഞ്ഞുനടക്കുന്ന നിലയിൽ ജോൺസൻ കല്ലുകുളങ്ങര കൊങ്കയെ അറയങ്ങാട് സ്നേഹഭവനിൽ എത്തിച്ചത്.
2018 മുതൽ ചരൾ സ്നേഹഭവനിലായിരുന്നു കൊങ്കയുടെ താമസം. ബംഗാൾ സ്വദേശിയായ സുർജിത് എന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ പരിശ്രമം വഴിയാണ് ബന്ധുക്കളെ കണ്ടെത്തിയത്.ബംഗുറാ ജില്ലയിലെ ഓണ്ടാ പോലീസ് സ്റ്റേഷൻ പരിധിയില ചാംട്ടിയ ആണ് കൊങ്കയുടെ സ്വന്തം ഗ്രാമം.
കഴിഞ്ഞ ദിവസമാണ് മകനും ബന്ധുവും കൊങ്കയെ തേടി നാട്ടിലെത്തിയത്. കൊങ്കയെ തിരിച്ചറിഞ്ഞതോടെ നിയമനടപടികൾ പൂർത്തിയാക്കി ബംഗാളിലേക്ക് മടങ്ങി.
മരിച്ചുവെന്ന് കരുതിയിരുന്ന കൊങ്കയെ ഭാര്യക്കും മക്കൾക്കും തിരിച്ചേൽപ്പിക്കാൻ സാധിച്ചതിന് ദൈവത്തിന് നന്ദി പറയുകയാണ് സ്നേഹഭവൻ സ്ഥാപകൻ ബ്രദർ എം.ജെ. സ്റ്റീഫനും ബ്രദർ സണ്ണിയും. ചരളിൽ പ്രവർത്തിക്കുന്ന സ്നേഹഭവനിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 25 താമസക്കാരുണ്ട്. വയോധികരും രോഗികളുമായവരെ ജീവിതാവസാനംവരെ സംരക്ഷിക്കുന്ന സ്നേഹഭവൻ നാട്ടുകാരുടെയും സുമനസുകളുടെയും സഹായംകൊണ്ടാണ് പ്രവർത്തിക്കുന്നത്.