ഹാൻഡ്ബോൾ ഗ്രാമത്തിൽ നിന്ന് ഇന്ത്യയ്ക്കൊരു വൈസ് ക്യാപ്റ്റൻ
1430508
Friday, June 21, 2024 1:47 AM IST
ചെറുപുഴ: നൂറുകണക്കിന് ഹാൻഡ്ബോൾ താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്ത വയക്കര എന്ന ഹാൻഡ്ബോൾ ഗ്രാമത്തിൽ നിന്ന് ഇന്ത്യൻ ടീമിനൊരു വൈസ് ക്യാപ്റ്റൻ. നിർമ്മൽ സിറിയക് എന്ന 23 കാരൻ ഗോൾ കീപ്പർ. കൈയും കാലും ഉടലും ഒരുമിച്ച് ഒരുപോലെ ചലിപ്പിച്ച് മുന്നേറേണ്ട കളിയാണ് ഹാൻഡ്ബോൾ. കൂട്ടായ പരിശ്രമത്തിലൂടെ രാജ്യത്തിനായൊരു മാജിക് കാട്ടാൻ ലോക യൂണിവേഴ്സിറ്റി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് 'ഗോദാ'യിലേക്ക് ഇറങ്ങുകയാണ് നിർമൽ സിറിയക്. 24 മുതൽ 30 വരെ സ്പെയിനിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് നിർമൽ.
അന്താരാഷ്ട്ര യൂണിവേഴ്സിറ്റി സ്പോർട്സ് ഫെഡറേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്. വയക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് നിർമൽ ഹാൻഡ്ബോളിന്റെ ബാലപാഠങ്ങൾ പഠിച്ചത്. നിത്യേന രാവിലെയും വൈകുന്നേരവും വയക്കരയുടെ മണ്ണിൽ പരിശീലനത്തിന് ഇറങ്ങി. കേരളത്തിന് വേണ്ടി ജൂണിയർ, സീനിയർ, സ്കൂൾ മീറ്റ് തുടങ്ങി നിരവധി ദേശീയ മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടി.
വയക്കര ഗവ. ഹയർസെക്കൻഡറി സ്കൂൾ, പ്രാപ്പൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് തൃശൂർ കൊടകരയിലെ സഹൃദയ കോളജിൽ നിന്നും ബിരുദവും എറണാകുളം തേവര എസ്എച്ച് കോളജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി.
കഴിഞ്ഞ ജനുവരിയിൽ എറണാകുളത്ത് നടന്ന സെലക്ഷൻ ട്രയസിൽ നിന്നാണ് ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതും വൈസ് ക്യാപ്റ്റൻ ആകുന്നതും. കഴിഞ്ഞ മാസം നടന്ന അന്താരാഷ്ട്ര ഇന്റർ യൂണിവേഴ്സിറ്റി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയിരുന്നു. രാജ്യത്തിന് വേണ്ടി ഒരു മെഡലെന്നത് തന്റെ സ്വപ്നമാണെന്ന് പറയുന്നു ഈ യുവാവ്. പാടിയോടുചാൽ ചന്ദ്രവയലിലെ കുന്നത്തറയിൽ ബിജുവിന്റെയും ബിന്ദുവിന്റെയും മകനാണ്. അമൽ, അഭിനവ് എന്നിവർ സഹോദരങ്ങളാണ്.