ഉളിക്കലിൽ വീട് നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച് കോൺട്രാക്ടർമാർ മുങ്ങി
1430077
Wednesday, June 19, 2024 1:51 AM IST
ഉളിക്കൽ: പഞ്ചായത്തിലെ അട്ടറഞ്ഞിയിൽ 65 കുടുംബങ്ങൾ താമസിക്കുന്ന അംബേദ്കർ മേഖലയിൽ വീടുകളുടെ പുനർനിർമാണം പൂർത്തിയാക്കാതെ കോൺട്രാക്ടർ കബളിപ്പിച്ചതായി പരാതി. എസ്ടി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ വർഷങ്ങളായി താമസിച്ചു വരുന്ന പ്രദേശത്തെ 18 വീടുകളുടെ അറ്റകുറ്റപ്പണികൾക്കായിരുന്നു തുക അനുവദിച്ചത്. ഒരു വീടിന് ഒന്നര ലക്ഷം രൂപ നിരക്കിൽ 18 വീടുകൾക്ക് അനുവദിച്ച തുകയാണ് പണി പൂർത്തിയാക്കാതെ കോൺട്രാക്ടർ കൈപ്പറ്റി കടന്നു കളഞ്ഞതായി പരാതി ഉയർന്നത്.
പ്രവൃത്തി നടത്തേണ്ട 18 വീടുകളിൽ എട്ട് വീടുകളുടെ പ്രവൃത്തി ഭാഗികമായി പൂർത്തിയാക്കിയിട്ടുണ്ട്. കരാറുകാരൻ ഒരു വീടിന് 1.20 ലക്ഷം രൂപ കൈപ്പറ്റിയതായാണ് താമസക്കാർ പറയുന്നത്.
ഇവിടുത്തെ താമസക്കാരനായ ചോയി (70) യും കണ്ണിന് കാഴ്ചയില്ലാത്ത ഭാര്യയും താമസിക്കുന്ന വീട്ടിൽ യാതൊരു ജോലികളും തീർക്കാതെ 1,2,0000 രൂപ കരാറുകാരൻ കൈപ്പറ്റിയതായി ഇവർ പറയുന്നു.
അംബേദ്കർ മേഖലയിൽ ലൈഫ് ഭവന പദ്ധതിയിൽ വീട് അനുവദിച്ച ഏഴുപേരിൽ നിന്നും ഒരു വീടിന് 70,000 രൂപ കൈപ്പറ്റിയ ശേഷം കരാറുകാരൻ മുങ്ങിയതായാണ് പരാതി.
ഭർത്താവ് തളർന്നു കിടക്കുന്ന ഇവിടുത്തെ താമസക്കാരി തങ്കമണിയുടെ പക്കൽനിന്നും 70,000 രൂപ കൈപ്പറ്റിയെങ്കിലും യാതൊരു പ്രവൃത്തിയും നടത്തിയിട്ടില്ലെ അവർ പറഞ്ഞു. മറ്റ് പലരിൽ നിന്നും സമാന രീതിയിൽ പ്രവൃത്തി നടത്താതെ പണം കൈപ്പറ്റിയിട്ടുണ്ട്. പണം നൽകിയിട്ടും മഴയ്ക്ക് ചോർന്നൊലിക്കുന്ന വീട്ടിൽ തന്നെ കഴിയേണ്ടുന്ന ദുർഗതിയിലാണ് പല കുടുംബങ്ങളും.
ട്രൈബൽ ഡിപ്പാർട്ട്മെന്റ് 18 വീടുകൾക്കായി അനുവധിച്ച ഒന്നര ലക്ഷം രൂപ വീതം ഗോത്ര ജീവിക സെക്രട്ടറിമാരായ കോൺട്രാക്ടർ രഞ്ജിത്ത്, നിഷാദ് എന്നിവരുടെ പേരുകളിലാണ് അനുവദിച്ചത്. ഇതിൽ രഞ്ജിത്തിന്റെ പേരിലാണ് കൂടുതൽ പരാതികളെന്ന് ട്രൈബൽ ഓഫീസർ ദീപികയോട് പറഞ്ഞു. കോളനി നിവാസികൾ പഞ്ചായത്തിൽ പരാതിയുമായി എത്തിയപ്പോഴാണ് തട്ടിപ്പ് നടന്ന കാര്യം പുറംലോകം അറിയുന്നത്. കോളനിയിലെ ലൈഫ് ഭാവന പദ്ധതിയിൽ പെട്ട ഏഴ് ഉപഭോക്താക്കളിൽ നിന്നായി 70,000 രൂപ കരാറുകാർ കൈപറ്റിയതായി വാർഡംഗം ടോമി മൂക്കനോലി പറഞ്ഞു.