ശ്രീകണ്ഠപുരത്ത് ഫയര്സ്റ്റേഷന് അനുവദിക്കണം: സജീവ് ജോസഫ് എംഎല്‍എ
1430320
Thursday, June 20, 2024 1:28 AM IST
ശ്രീകണ്ഠപുരം: ഇരിക്കൂര്‍ നിയോജക മണ്ഡലത്തിന്റെ ആസ്ഥാനമായ ശ്രീകണ്ഠപുരത്ത് ഫയര്‍ സ്റ്റേഷന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സജീവ് ജോസഫ് എംഎല്‍എ നിയമസഭയില്‍ സബ്മിഷന് അവതരിപ്പിച്ചു. പ്രഖ്യാപിച്ച വിവിധ ഫയര്സ്റ്റേഷനുകള് ആരംഭിച്ചതിനുശേഷം പുതിയവ പരിഗണിക്കുമെന്ന് മുഖ്യമന്ത്രിക്കു വേണ്ടി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മറുപടി നല്കി. സംസ്ഥാനത്ത് കൂടുതല്‍ പ്രകൃതി ദുരന്തങ്ങളും അപകടങ്ങളും അഗ്നി ബാധയും മറ്റ് അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള മേഖലകളിലൊന്നായ ഈ പ്രദേശത്ത് ഒരു ഫയര്‍ സ്റ്റേഷന് അനിവാര്യമെന്നാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് എംഎല്‍എ പറഞ്ഞു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ തോട്ടങ്ങളിലുണ്ടായ അഗ്നിബാധയില്‍ കശുമാവും, റബറും ഉള്‍പ്പെടെ വലിയ തോതില്‍ കൃഷി നാശമുണ്ടായി. വേനല്‍ കാലത്ത് തീപിടിത്തം വ്യാപകമായി ഉണ്ടായിരുന്നു. പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളില്‍ പോലും കാട്ടുതീ പതിവായിരുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ വിദ്യാര്‍ഥികളടക്കം 20 ഓളം പേര് പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴിക്കില്‍പ്പെട്ടു മുങ്ങി മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.